കോട്ടയം: യോഗയിലൂന്നിയുള്ള ജീവിതം മന്ത്രി വി.എൻ. വാസന്റെ ദിനചര്യയായിട്ട് മൂന്ന് പതിറ്റാണ്ട്. മന്ത്രിയായപ്പോഴും ആ പതിവിന് മാറ്റമുണ്ടായില്ല. എന്നും പുലർച്ചെ ഒരു മണിക്കൂർ യോഗ നിർബന്ധം. അതിനായി പന്ത്രണ്ടാം നമ്പർ സ്റ്റേറ്റ് കാറിന്റെ ഡിക്കിയിൽ യോഗാ കിറ്റും ചെറു ബാഗിൽ വെള്ള പാന്റും ടീഷർട്ടും എപ്പോഴുമുണ്ടാകും.
ദിവസവും 14 പൊതു പരിപാടികൾ വരെയുണ്ടാകും. സഹകരണം, തുറമുഖം, ദേവസ്വം വകുപ്പുകളും കരുത്തോടെ കൈകാര്യം ചെയ്യുന്നു. ഇതിനെല്ലാമുള്ള കരുത്ത് 'യോഗയിലൂടെയുള്ള പോസിറ്റീവ് എനർജി"യാണെന്ന് നിറചിരിയോടെ മന്ത്രി വാസവൻ പറയുന്നു.
അദ്ധ്യാപികയായിരുന്ന ഭാര്യ ഗീത യോഗ ചെയ്തപ്പോഴാണ് പ്രചോദനമായത്. ഡോ. അജിയായിരുന്നു ആദ്യ ഗുരു.
15 സെറ്റ് വരെ സൂര്യ നമസ്‌കാരം
ചെയ്യുമായിരുന്നു. 2018ലെ പ്രളയകാലത്ത് എ.സി റോഡിലെ കോളനികളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കാനുള്ള ലോറിയാത്രക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റിരുന്നു. എന്നിട്ടും യോഗ നിറുത്തിയില്ല.
ഒരു ദിവസം യോഗ മുടങ്ങിയാൽ വിഷമമുണ്ടാകും. രാത്രി തങ്ങുന്നത് ഗസ്റ്റ്ഹൗസിലോ ഹോട്ടലിലോ ആണെങ്കിൽ യോഗയ്‌ക്കുള്ള സ്ഥലം തലേന്നേ കണ്ടെത്തും. നിലമ്പൂരിലെ പ്രചാരണത്തിനിടയിലും അത് മുടങ്ങിയില്ല.
ഏകാഗ്രതയും സഹിഷ്ണുതയും മുഖമുദ്ര
മുമ്പുണ്ടായിരുന്ന തുമ്മലും ശ്വാസം മുട്ടലുമെല്ലാം യോഗ തുടങ്ങിയപ്പോൾ മാറിയെന്ന് മന്ത്രി പഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളുമില്ല. പെട്ടെന്ന് ദേഷ്യവും വരില്ല. സഹിഷ്ണുതയോടെയും സമചിത്തതയോടെയും സൗമനസ്യത്തോടെയുമാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്. യോഗയിലൂടെ ലഭിച്ച ഏകാഗ്രതയിലാണ് ഓർമക്കുറവില്ലാതെ പ്രസംഗിക്കുന്നത്. കോട്ടയം എം.എൽ.എയായിരുന്നപ്പോൾ യോഗയും കരാട്ടേയും പാഠ്യ പദ്ധതിയിലുൾപ്പെടുത്താൻ സബ് മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി യോഗ പാഠ്യവിഷയവുമാക്കി.
'യോഗ ലഹരിയാക്കണമെന്നാണ് പുതു തലമുറയോട് ഉപദേശിക്കാനുള്ളത്. കൃത്യ നിഷ്ട, നിശ്ചയ ദാർഢ്യം, മാനസികവും ശാരീരികവുമായ ആരോഗ്യം എല്ലാം യോഗ പ്രദാനം ചെയ്യും. എന്റെ അനുഭവമാണത്".
- മന്ത്രി വി.എൻ. വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |