കണ്ണൂർ: സഹോദരിയുടെ വീട്ടിൽ അതിക്രമം കാണിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശിനി റസീനയാണ് പിടിയിലായത്. പിടികൂടാനെത്തിയ വനിതാ പൊലീസിനെ യുവതി തള്ളിയിട്ടു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
യുവതിയുടെ മാതാവ് ഉൾപ്പടെയുള്ളവർ സഹോദരിയുടെ കൂടെയാണ് താമസിക്കുന്നത്. വീട്ടിലെത്തിയ റസീന പണം ആവശ്യപ്പെട്ടു. പണം നൽകാതായതോടെയാണ് അക്രമം നടത്തിയത്. സഹോദരിയേയും സഹോദരിയുടെ പതിനഞ്ചുകാരിയായ മകളെയും യുവതി മർദിച്ചുവെന്നാണ് പരാതി. കൂടാതെ മാതാവിനെയും മർദിക്കാൻ ശ്രമിച്ചു.
വീടിന്റെ ജനൽച്ചില്ലുകളും കാറിന്റെ ചില്ലും തകർത്തിട്ടുണ്ട്. അതിക്രമം തുടർന്നതോടെ വീട്ടുകാർ ധർമടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് റസീന. നേരത്തെ പൊതുയിടത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവതിക്കെതിരെ കേസെടുത്തിരുന്നു.
2023 ഡിസംബറിലായിരുന്നു ആ സംഭവം നടന്നത്. റസീന മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതും മറ്റ് വാഹനങ്ങളിൽ ഇടിപ്പിച്ചതും നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ കണ്ണിൽ കണ്ടവരെയെല്ലാം ഇവർ മർദിക്കാനും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് എസ് ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം റസീനയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ എസ്ഐയേയും മർദിച്ചു.
പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു അന്ന് കേസെടുത്തത്. അതിനുമുൻപും പലവട്ടം റസീന മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണ് പതിവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |