അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ അന്നത്തെ യുവനേതാവ് അമ്പതു വർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. രാത്രിയിൽ, വീടിന്റെ മുൻവാതിലിലെ മുട്ടുകേട്ട് ഉണർന്നതായിരുന്നു യുവത്വത്തിലേക്ക് കടന്ന, അന്നത്തെ കൂത്തുപറമ്പ് എം.എൽ.എ പിണറായി വിജയൻ. വാതിൽ തുറന്നപ്പോൾ മുന്നിൽ കാക്കിപ്പട. പൊലീസിനെ കൂസാതെയുള്ള ഭാവം കണ്ട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു: 'അറസ്റ്റ് ചെയ്യാൻ മുകളിൽ നിന്ന് നിർദ്ദേശമുണ്ട്."
ഒരു ഭാവവ്യത്യാസവും കൂടാതെ അകത്തു പോയി ഷർട്ട് ധരിച്ച് പിണറായി വിജയൻ പൊലീസിനൊപ്പം നടന്നു. ക്രൂരമായ മർദ്ദനങ്ങളുടെ യാതനകളിലേക്കാണ് ജനപ്രതിനിധിയായ ആ യുവാവ് രാത്രിയിൽ പൊലീസിനൊപ്പം പോയത്.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പ്രതിപക്ഷ എം.എൽ.എ മാരിൽ ഒരാളായിരുന്നു പിണറായി വിജയൻ. ലോക്കപ്പ് മുറിയിലെ ഇരുട്ടിൽ തുടങ്ങിയ മർദ്ദനം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചിരുന്നു.
കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് 1970- ലാണ് പിണറായി ആദ്യമായി നിയമസഭയിലെത്തുന്നത്. അടിയന്തരാവസ്ഥയെ തുടർന്ന് 1977 വരെ അന്നത്തെ സഭ നീണ്ടു. മർദ്ദനങ്ങളെക്കുറിച്ച് 1977 മാർച്ച് 30-ന് നിയമസഭയിൽ പിണറായി നടത്തിയ പ്രസംഗം ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യമായി. രക്തക്കറ പുരണ്ട ഷർട്ട് ഉയർത്തിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രസംഗം. പോലീസിന്റെ ക്രൂരത ആ ശരീരത്തിൽ ശേഷിപ്പിച്ച പാടുകളുടെ അടയാളമായിരുന്നു ആ ഷർട്ട്!
കെ.കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. പ്രസംഗത്തിൽ പിണറായി വിജയൻ വിവരിച്ചത് കേവലം വ്യക്തിഗത അനുഭവമായിരുന്നില്ല. ആ കാലഘട്ടത്തിലെ അടിച്ചമർത്തലിന്റെയും ചെറുത്തുനില്‍പിന്റെയും ചിത്രമായിരുന്നുഅത്. '' നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്. പക്ഷേ, ഒരാളെ പൊലീസ് സേ്റ്റഷനിൽ കൊണ്ടുപോയി മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാൽ അതു രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? രാഷ്ട്രീയമായി ഇങ്ങനെ എതിർക്കാൻ ശ്രമിക്കരുത്. ഇതാർക്കും ഭൂഷണമല്ല""- പിണറായി കെ. കരുണാകരനോട് പറഞ്ഞു.
മർദ്ദനങ്ങളുടെ
സത്യവാക്യം
(പിണറായി അന്ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)
''ഞാൻ ലോക്കപ്പു മുറിയിൽ കടന്ന് പായയിട്ട് ഇരുന്നു. രണ്ടു മിനിട്ടു കഴിഞ്ഞില്ല; ലോക്കപ്പു മുറി അടച്ചു. മുന്നിലത്തെ ലൈറ്റ് ഓഫ് ചെയ്തു. മങ്ങിയ വെളിച്ചം മാത്രം. രണ്ടു ചെറുപ്പക്കാർ - ആ സ്റ്റേഷനിൽ ഉള്ളവരല്ല, പുറത്തുനിന്ന് പ്രത്യേകം കൊണ്ടുവന്നവരാണെന്ന് മനസിലാക്കി. ഒരാൾ വന്നു ചോദിച്ചു, 'എന്താടോ പേര്?"ഞാൻ പറഞ്ഞു- 'വിജയൻ"
'എന്തു വിജയൻ?"
'പിണറായി വിജയൻ."
'ഓ... പിണറായി വിജയൻ" എന്ന് അവർ പറയുകയും അടി തുടങ്ങുകയുമായിരുന്നു. അവർ രണ്ടുപേർ ആദ്യ റൗണ്ട് അടിച്ചു. മൂന്നാളുകൾ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ. ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവർക്കൊക്കെ ഊഹിക്കാവുന്നതാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ട്, പല പ്രാവശ്യമായിട്ട് ഞാൻ വീഴുന്നുണ്ട്. അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായിട്ടും വീണു. എഴുന്നേൽക്കാതായതോടെ അവരെല്ലാവരും മാറിമാറി പുറത്ത് ചവിട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രയും ചവിട്ടി.
ഞാൻ പിറ്റേദിവസംവരെ അങ്ങനെ കിടന്നു. അതിനിടയ്ക്ക് ഷർട്ട് പോയിട്ടുണ്ട്, ബനിയൻ പോയിട്ടുണ്ട്, മുണ്ടു പോയിട്ടുണ്ട്, രാവിലെ പത്തു മണിക്ക് കണ്ണൂരിലേക്ക് കൊണ്ടുപോയി. നടക്കാൻ കഴിഞ്ഞിരുന്നില്ല. എടുത്താണ് ജീപ്പിൽ കയറ്റിയത്. ജയിൽ അഡ്മിഷൻ നടത്തുന്ന ഡെപ്യൂട്ടി ജയിലറോട് ഞാൻ പറഞ്ഞു, 'എന്റെ ദേഹത്ത് തല്ലിന്റെ പാടുണ്ട്, അത് രേഖപ്പെടുത്തണം." അപ്പോൾ അയാൾ പറയുകയാണ്, 'വൂണ്ട്സ് ഇഞ്ചുറി ഉണ്ടെങ്കിൽ മാത്രമേ റെക്കാർഡ് ചെയ്യാൻ ഒക്കുകയുള്ളൂ" വെന്ന്.
ഞാൻ ഷർട്ട് നീക്കി കാണിച്ചു. കണ്ടാൽ ആർക്കും മനസിലാകും. എന്നാൽ അയാള്‍ വൂണ്ട്സ് ഇല്ലെന്നു പറഞ്ഞു. എന്റെ ഇടത്തെ കാലിന്റെ അടിഭാഗം പൊട്ടിയിരിക്കുകയായിരുന്നു. ഡെപ്യൂട്ടി ജയിലർ അത് വൂണ്ട്സ് അല്ലെന്നു പറഞ്ഞ് റെക്കാർഡ് ചെയ്തില്ല. പിറ്റേന്നു രാവിലെ ഡോക്ടർ വന്നപ്പോൾ എന്നെ ആശുപത്രിയിലാക്കി. അവിടെവച്ച് കാലിൽ പ്ളാസ്റ്റർ ഇട്ടു. മാസങ്ങളോളം പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |