വയനാട് ജില്ലയിലെ എല്ലാം കൊണ്ടും ഓണം കേറാ മൂലയാണ് പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി. ജില്ലയിലെ ഏറ്റവുംചെറിയ പഞ്ചായത്തും ഇത് തന്നെ. സൗകര്യങ്ങളുടെ അപര്യാപ്തതയാൽ പിന്നാക്കം നിൽക്കുന്ന ഇവിടെ ഏറെയും നഗരവുമായി അധികം ബന്ധമില്ലാത്ത ആദിവാസികളാണ്. അന്നന്നത്തെ അന്നത്തിനായി ജോലിയെടുത്ത് കഴിയുന്നവർ. ഇവരുടെ അടുപ്പിൽ പുക ഉയരുന്നുണ്ടോ എന്ന് പോലും പുറത്തുള്ളവർ അറിയുന്നില്ല. അറിഞ്ഞാൽ തന്നെ യാതൊരുവിധ നടപടിയും ഉണ്ടാകാറില്ല. ഒരു കാലത്ത് പട്ടിണി മരണങ്ങൾവരെ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. കാർഡമം പ്രൊജക്ടിന്റെ ഭാഗമായി പട്ടിക വർഗക്കാർക്കായി സർക്കാർ ഇവിടെ ഭൂമി പതിച്ച് നൽകിയിട്ടുണ്ട്. അതിലാണ് ഇവരുടെവാസം. നഗരവുമായി പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്തതിനാൽ ഇവിടുത്തെ ജനങ്ങൾ എന്തെങ്കിലും അത്യാവശ്യങ്ങൾക്ക് മാത്രമെ നാടുവിട്ട് പുറത്തേക്കിറങ്ങാറുള്ളു. ഇവരുടെ ക്ഷേമം കണക്കിലെടുത്താണ് സുഗന്ധഗിരിയിൽ സർക്കാർ പലവിധ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. എന്നാൽ ആദിവാസികൾ ഇന്നും പരീക്ഷണ വസ്തുക്കളായി ഈ പ്രദേശത്ത് തുടരുന്നു. സുഗന്ധഗിരിയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് സ്ഥലത്ത് വൃന്ദാവൻ ഗവ. എൽ.പി സ്കൂൾ ആരംഭിച്ചത്. കുടിലുകളിലെ പട്ടിണിയും ദാരിദ്ര്യവും കാരണം ആദിവാസികൾ തങ്ങളുടെ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിന് വീഴ്ച വരുത്തിയിട്ടില്ല. ആദിവാസി ഉന്നതിയിൽ അഷ്ടിക്ക് വകയില്ലെങ്കിലും കുട്ടികൾ പട്ടിണി കിടക്കരുതല്ലോ. ആദ്യം വയറ്, വിദ്യ എന്നത് അവർക്ക് രണ്ടാമത്തെ കാര്യമാണ്. അതേസമയം കൃത്യമായി പഠിച്ച പലരും, ഉപരിപഠനത്തിനായി വൈത്തിരിയിലും കൽപ്പറ്റയിലും ചുരം ഇറങ്ങിയും പോയിട്ടുമുണ്ട്.
ഒരു സുപ്രഭാതത്തിൽ
സ്കൂൾ ആരോഗ്യകേന്ദ്രം
സുഗന്ധഗിരി വൃന്ദാവൻ എൽ.പി സ്കൂളിൽ പൊതുവെ സൗകര്യങ്ങളുടെ കുറവ് കുട്ടികളെയും ബാധിക്കാറുണ്ട്. അതിനെപ്പറ്റി വിശദീകരിക്കാനല്ല ഇതെഴുതുന്നത്. അങ്ങനെയുളള ഈ വിദ്യാലയത്തിൽ ജൂൺ രണ്ടിന് കുട്ടികൾ പഠിക്കാനായി എത്തിയപ്പോൾ സ്കൂൾ പ്രാഥമിക ആരോഗ്യകേന്ദ്രമായി മാറിയ നിലയിലാണ് കണ്ടത്. കഴിഞ്ഞ മാസം 27നാണ് സ്കൂളിലേക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം കുടിയേറിയത്. കുട്ടികളുടെ ക്ളാസ് മുറിയിൽ നിറയെ രോഗികൾ. കുട്ടികളുടെ ശൗചാലയം തന്നെയാണ് രോഗികൾ ഉപയോഗിച്ചതും. സ്കൂളിന്റെ സമീപത്ത് തന്നെ പ്രവർത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവിടേക്ക് മാറ്റിയത്. പൊതുവെ സ്ഥല സൗകര്യമില്ലാതെ വീർപ്പ് മുട്ടുന്ന സ്കൂളിലേക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം മാറ്റിയപ്പോൾ പ്രതിഷേധം ഉയരുക സ്വാഭാവികം. എന്നാൽ ബന്ധപ്പെട്ടവരെല്ലാം കൈമലർത്തി. ആരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചതാണ് ഈ തീരുമാനമെന്ന് ആർക്കുമറിയില്ല. എന്തായാലും പ്രതിഷേധം നാനാ മേഖലകളിൽ നിന്നും ഉയർന്നു. തന്നെ അറിയിക്കാതെയാണ് ഇതൊക്കെ ചെയ്തെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കൈമലർത്തുന്നു. പിന്നെ ആരുടെ ബുദ്ധി?.
ആരോഗ്യവും
വിദ്യാഭ്യാസവും
സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത് സ്ഥലത്തെ ഒരു കെട്ടിടത്തിലായിരുന്നു. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ സമീപത്തെ വാടക വീട്ടിലേക്ക് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റി. കാലവർഷത്തിൽ പെയ്ത കനത്തമഴയിൽ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്ന വീടിന് സമീപം കാര്യമായ തോതിൽ മണ്ണിടിച്ചിലുണ്ടായി. അതിനുപുറമെ കെട്ടിടം തനിക്ക് താമസിക്കാൻ ഒഴിഞ്ഞു തരണമെന്ന് ഉടമ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് കെട്ടിടം, ഉടമസ്ഥർക്ക് തന്നെ ഒഴിഞ്ഞ് കൊടുത്തത്. അപ്പോഴും ഒരു പ്രശ്നം ബാക്കി. ആരോഗ്യകേന്ദ്രം എവിടെ പ്രവർത്തിക്കും? രോഗികൾ ഇനി എന്ത് ചെയ്യും? ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അങ്ങനെയാണ് വൃന്ദാവാൻ എൽ.പി സ്കൂളിലേക്ക് മാറ്റാമെന്ന് ചിലരുടെ ബുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നത്. വെക്കേഷൻ കാലമായതുകൊണ്ട് തുടക്കത്തിൽ ആരും പരാതി പറഞ്ഞില്ല. വിഷയം ആരോഗ്യമായതുകൊണ്ട് അധികമാരും പ്രതികരിച്ചില്ല. ആരോഗ്യവും വേണം വിദ്യാഭ്യാസവും വേണം എന്ന നിലയായിരുന്നു നാട്ടുകാർക്ക്. അങ്ങനെ സ്കൂളിലെ ആകെയുള്ള മൂന്ന് മുറികളിലൊന്നിൽ ആരോഗ്യകേന്ദ്രം തുറന്നു. ജൂൺ രണ്ടിന് സ്കൂൾ തുറന്ന് കുട്ടികളും എത്തി. എന്നാൽ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. മറന്നതായിരിക്കില്ല!
ഇതോടെ പൊതുവെ സ്ഥലസൗകര്യം കാരണം വീർപ്പ് മുട്ടുന്ന വിദ്യാലയത്തിലെ ഒന്നുമുതൽ നാലുവരെയുളള കുട്ടികളെയെല്ലാം ഒരു ക്ളാസിൽ ഇരുത്തി അദ്ധ്യയനം തുടങ്ങി. അദ്ധ്യാപകർക്ക് അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു. സ്കൂളിന്റെ എല്ലാ സൗകര്യങ്ങളും ആരോഗ്യകേന്ദ്രവും ഉപയോഗിക്കാൻ തുടങ്ങി. കുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയവും രോഗികളും ജീവനക്കാരും ഉപയോഗിച്ചു. സമീപത്തെ മലമുകളിൽ നിന്നെത്തുന്ന നീരുറവയാണ് സ്കൂളിലെ കുട്ടികൾക്ക് കുടിവെള്ളം. ആശുപത്രിയിലുള്ളവരും ഇത് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ധാരാളമായി എത്തുന്ന രോഗികൾ ഇത് ഉപയോഗിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ കുടിവെള്ളവും മുട്ടി!
സ്കൂളിൽ നിന്ന്
സ്റ്റോർ റൂമിലേക്ക്
പ്രശ്നം വഷളായതോടെ ആരോപണ പ്രത്യാരോപണങ്ങളും ഉയർന്നു. കൊച്ചു കുട്ടികൾക്ക് സമരം ചെയ്യാൻ അറിയില്ലല്ലോ. അവർ മിണ്ടിയില്ല. പക്ഷെ വയനാട്ടുകാരനായ മന്ത്രി ഒ.ആർ. കേളുവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടു. മന്ത്രിമാരുടെ ഇടപെടലുകളെ തുടർന്ന് വൃന്ദാവൻ എൽ.പി സ്കൂളിൽ നിന്ന് ഇറങ്ങിയ പ്രാഥമിക ആരോഗ്യകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത് ആശുപത്രി കെട്ടിടത്തിന്റെ സ്റ്റോർ റൂമിൽ. 450 ചതുരശ്ര അടി വലുപ്പമുള്ള ഒരു കൊച്ചു മുറി. ഡോക്ടർ അടക്കം എട്ടു ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. അതിൽ ഏഴുപേരും വനിതകൾ. അടിസ്ഥാന സൗകര്യമൊന്നും ഇവിടെയില്ല. ഡോക്ടർ ഇരിക്കുന്നത് തന്നെ ഞെങ്ങി ഞെരുങ്ങി. രോഗിയെ പരിശോധിക്കുമ്പോൾ ജീവനക്കാർ പുറത്തേക്കിറങ്ങി നിൽക്കണം. വൃത്തിഹീനമായ ശൗചാലയമാണ് ഇവിടെയുള്ളത്. അതാകട്ടെ ഉപയോഗപ്രദമല്ല. ജീവനക്കാർക്ക് വസ്ത്രം മാറാൻ ഇവിടെ ഇടമില്ല. അധികൃതരുടെ അനാസ്ഥ കൊണ്ടാണ് ഒരു ആരോഗ്യകേന്ദ്രത്തിനും ഈ ഗതി വന്ന് ചേർന്നത്. ആദിവാസി മേഖലയിലെ ഈ ആരോഗ്യ കേന്ദ്രത്തിന് എത്രയും വേഗം ഒരു കെട്ടിടം വേണം. തുടക്കത്തിൽ അത് സെമി പെർമനന്റ് കെട്ടിടമായാലും മതിയെന്നാണ് നാട്ടുകാരുടെ പക്ഷം. പുതിയ കെട്ടിടത്തിന് ഒരു വർഷം മുമ്പ് ഫണ്ട് അനുവദിച്ചതാണ്. നിർമ്മാണം നടന്നില്ല. സർക്കാർ കാര്യമല്ലെ, കെട്ടിട നിർമ്മാണം ഇനി അങ്ങനെ നീളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |