അമേരിക്കൻ സന്ദർശനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചിട്ടും പോകാത്തത് പുരി ജഗന്നാഥനെ കാണാൻ വേണ്ടിയാണെന്ന് ഒഡിഷയിൽ നടന്ന പൊതുപരിപാടിയിൽ മണിക്കൂറുകൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എനിക്ക് മഹാപ്രഭുവിന്റെ നാട്ടിലേക്ക് പോകേണ്ടതുണ്ട്. അത് വളരെ പ്രധാനമാണ്. അങ്ങനെ ഞാൻ ക്ഷണം മാന്യമായി നിരസിച്ചു. മഹാപ്രഭുവിനോടുള്ള നിങ്ങളുടെ സ്നേഹവും ഭക്തിയും എന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാണ് മോദി പറഞ്ഞത്.
മോദി ചൂണ്ടിക്കാട്ടിയത് പോലെ ഭാരതത്തിലെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥ ക്ഷേത്രം. ഇവിടം സന്ദർശിക്കാതെ ഹൈന്ദവ തീർത്ഥാടനം പൂർത്തിയാകില്ലെന്നാണ് വിശ്വാസം. ഒഡിഷയിലെ തീരദേശ നഗരമായ പുരിയിൽ സ്ഥിതി ചെയ്യുന്ന പുരി ജഗന്നാഥ ക്ഷേത്രം ആത്മീയതയുടെയും സംസ്കാരത്തിന്റെയും വാസ്തുവിദ്യാ വൈഭവത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്നു, തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഈ പട്ടണം ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവിടം ജഗന്നാഥ പുരി എന്നും അറിയപ്പെടുന്നത്. 12ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. ജഗന്നാഥനാണ് പ്രധാന പ്രതിഷ്ഠ. അടുത്തായി സഹോദരൻ ബലരാമന്റെയും സഹോദരി സുഭദ്രയുടെയും വിഗ്രഹങ്ങളും ഉണ്ട്. രാധ, ദുർഗ, ലക്ഷ്മി, സതി, ശക്തി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രതിഷ്ഠകൾ, ഇങ്ങനെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്.
പുരിയിലെ രഥോത്സവം വിശ്വപ്രസിദ്ധമാണ്, ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ അനുസ്മരിപ്പിച്ച് എല്ലാ വർഷവും ജൂലായിലാണ് രഥോത്സവം നടത്തുന്നത്. നൂറുകണക്കിന് സ്വദേശികളുംവിദേശികളുമായ സഞ്ചാരികൾക്കും ഭക്തർക്കുമിടയിലൂടെ നീങ്ങുന്ന രഥങ്ങളിൽ മനോഹരമായ അലങ്കരിച്ച ജഗന്നാഥന്റെയും ബലഭദ്രന്റെയും സുഭദ്രയുടെയുമെല്ലാം വിഗ്രഹങ്ങൾ ഉണ്ടായിരിക്കും. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കും തിരിച്ചുമാണ് രഥോത്സവം നടക്കുന്നത്.
ദ്രാവിഡ വാസ്തുവിദ്യയുടെ ഉപവിഭാഗമായ കലിംഗ വാസ്തുവിദ്യയുടെ ഒരു മികച്ച ഉദാഹരണമാണ് പുരി ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിലെ ഉയർന്ന ഗോപുരങ്ങൾ, സങ്കീർണ്ണമായ കൊത്തുപണികളുള്ള പുറംഭാഗങ്ങൾ, വിശാലമായ മുറ്റങ്ങൾ എന്നിവ പുരാതന ഇന്ത്യൻ കരകൗശല വിദഗ്ദ്ധരുടെ ശില്പകലാ വൈഭവം പ്രകടമാക്കുന്നു. 100 ഏക്കറിലധികം വിസ്തൃതിയുള്ള ഈ ക്ഷേത്ര സമുച്ചയം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളിലൊന്ന് കൂടിയാണ്.
നഗരത്തിന്റെ ഏതു ദിശയിൽ നിന്നു നോക്കിയാലും ഒരേ രീതിയിൽ കാണുവാൻ സാധിക്കുന്ന സുദർശന ചക്രം ഗോപുരത്തിന്റെ മുകളിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കടൽ തീരത്തോട് ചേർന്നാണ് ക്ഷേത്രം എങ്കിലും തിര ഇരമ്പൽ ക്ഷത്രത്തിനുള്ളിൽ നിന്നാൽ കേൾക്കില്ല. ക്ഷേത്രഗോപുരത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കൊടി കാറ്റിന് എതിർദിശയിലാണ് പറക്കുന്നത്. . ഇതിന് ശാസ്ത്രീയ വിശദീകരണം നൽകാൻ ഇതുവരെയും സാധിച്ചിട്ടില്ല. കൂടാതെ ഈ കൊടിക്കൂറ എന്നും മാറ്റി സ്ഥാപിക്കണമെന്നും ക്ഷേത്രനിയമത്തിൽ ഉണ്ട്.
കടുത്ത വെയിലിലും ക്ഷേത്രഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല. കൂടാതെ ക്ഷേത്രഗോപുരത്തിനു മുകളിലൂടെ ഒരു പക്ഷി പോലും പറക്കാറില്ല എന്ന പ്രത്യേകതയും ഉണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |