തൊടുപുഴ: പൂജാരിയോ തന്ത്രിയോ ഇല്ലാത്ത അമ്പലം. ഭക്തർക്ക് വിഗ്രഹത്തിൽ നേരിട്ട് പൂമാല ചാർത്താം. തൊട്ടുവന്ദിക്കാം. തൊടുപുഴ ആഞ്ജനേയ ദേവസ്ഥാനമാണിത്.
മറ്റ് ക്ഷേത്രങ്ങളിലെ പോലെ രസീതെഴുതിയുള്ള അർച്ചനയോ വഴിപാടുകളോ ഇല്ല. ഭക്തർക്ക് വെറ്റിലമാല, നെയ് വിളക്ക്, പണക്കിഴി, വീട്ടിൽ തയ്യാറാക്കുന്ന വടമാല എന്നിവ അർപ്പിക്കാം. ആഞ്ജനേയനാണ് പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്.
ദർശന ശേഷം പ്രസാദമായ അവൽ എടുത്തു കഴിക്കാം. രാവിലെ 5.30 മുതൽ 11.30 വരെയും വൈകിട്ട് അഞ്ച് മുതൽ 7.30 വരെയുമാണ് ദർശന സമയം.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തായി മൂന്ന് സെന്റ് സ്ഥലത്ത് 2003 മാർച്ചിലാണ് ദേവസ്ഥാനം സ്ഥാപിച്ചത്. പ്രദേശവാസികളിൽ ചിലർ മുൻകൈയെടുത്ത് പൊതുയോഗം വിളിച്ചാണ് ക്ഷേത്ര നിർമ്മാണത്തിന് തീരുമാനമെടുത്തത്. നിലവിൽ 13 അംഗ ട്രസ്റ്റാണ് നയിക്കുന്നത്. തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്ന് ആഞ്ജനേയ വിഗ്രഹം എത്തിച്ചു. പാലായിൽ നിന്ന് ഉപപ്രതിഷ്ഠകളും.
ജീവകാരുണ്യവും
ദേവസ്ഥാനത്തെ ദൈനംദിന ചെലവുകൾ കഴിഞ്ഞുള്ള കാണിക്കപ്പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നത്. ചികിത്സാ സഹായവും പഠനോപകരണ വിതരണവുമെല്ലാം ഉൾപ്പെടും. നഗരത്തിലെ അനാഥമന്ദിരങ്ങളിലും ബാലസദനങ്ങളിലും മുടക്കമില്ലാതെ അരി നൽകുന്നു.
പ്രത്യേക പൂജകൾ ഇവിടെയില്ല. ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് വരുമാനത്തിനനുസരിച്ചാണ്
പി. ബി . ബാലകൃഷ്ണൻ നായർ,
ട്രസ്റ്റ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |