കേരളത്തിൽ അയ്യപ്പന് സമർപ്പിച്ചിരിക്കുന്ന അഞ്ച് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് അച്ചൻകോവിൽ ശാസ്താക്ഷേത്രം. കുളത്തൂപ്പുഴ, ആര്യങ്കാവ്, ശബരിമല, കാന്തമല എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കേരള സൃഷ്ടാവായി അറിയപ്പെടുന്ന പരശുരാമൻ ദ്വാപര യുഗത്തിൽ പ്രതിഷ്ഠിച്ചവയാണ് പഞ്ച ശാസ്താ ക്ഷേത്രങ്ങൾ എന്നാണ് വിശ്വാസം. ധർമശാസ്താവ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ പൂർണ, പുഷ്കല എന്നിവരോടൊപ്പം ഇവിടെ വാണരുളുന്നത്. കുടുംബനാഥൻ എന്ന സങ്കല്പത്തിലാണ് ഇവിടത്തെ ആരാധന.
വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവ് എന്നാണ് വിശ്വാസം. പ്രതിഷ്ഠയുടെ വലതു കൈയിൽ (ഇവിടെ ശാസ്താവ് ചിന്മുദ്ര ഹസ്തനല്ല) എപ്പോഴും ചന്ദനം അരച്ച് വയ്ക്കും. വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാം. ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും. ഇതിനായ് ക്ഷേത്രത്തിൽ പണ്ട് മുതലേ രണ്ട് ശാന്തിക്കാരുണ്ട്. വിഷം തീണ്ടിയവർ എത്തിയാൽ അര്‍ദ്ധ രാത്രിയിലും ശാന്തിക്കാരൻ കുളിച്ച് നട തുറക്കും. ദേവന്റെ കൈയിൽ അരച്ചുവച്ച ചന്ദനം തീർത്ഥത്തിൽ ചാലിച്ച് മുറിപ്പാടിൽ തേക്കും, കഴിക്കാനും കൊടുക്കും.
ചികിത്സാ സമയം ആഹാരത്തിന് കഠിന നിയന്ത്രണങ്ങളാണുള്ളത്. ആദ്യ ദിവസം കടും ചായ മാത്രം, പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി, ദാഹിക്കുമ്പോൾ ക്ഷേത്ര കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |