ബിഗ്ബോസിൽ പങ്കെടുത്തത് ഒരൊറ്റ കാരണം കൊണ്ടാണെന്ന് തുറന്നുപറഞ്ഞ് നടി മഞ്ജു പത്രോസ്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും മകൻ കാരണമാണ് പിടിച്ചുനിൽക്കുന്നതെന്നും അവർ പറഞ്ഞു. പണമില്ലാതെ ജീവിക്കാൻ സാധിക്കില്ലെന്നും മഞ്ജു പറഞ്ഞു. ബിഗ്ബോസിൽ നിന്ന് ലഭിച്ച വിമർശനങ്ങളെക്കുറിച്ചും നടി പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'ജീവിക്കാൻ സ്‌നേഹം മതിയെന്ന് പറഞ്ഞ് ഇന്നത്തെ തലമുറയെ ആളുകൾ പറഞ്ഞ് പറ്റിക്കുകയാണ്. സത്യം പറഞ്ഞാൽ ജീവിക്കാൻ പണം തന്നെ വേണം. പണമില്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. ഞാൻ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ച വ്യക്തിയാണ്. പണത്തിനായി സ്വന്തം കിഡ്നി വരെ വിൽക്കാൻ പോയ ആളാണ് ഞാൻ. പല പ്രശ്നങ്ങളും കാരണം ജീവിക്കേണ്ട എന്ന തീരുമാനത്തിലൊക്കെ എത്തിയിട്ടുണ്ട്. മകനെയും കുടുംബത്തെയുക്കുറിച്ച് ആലോചിക്കുമ്പോൾ പിടിച്ചുനിൽക്കും. ഇപ്പോഴും മകന് വേണ്ടിയാണ് ഞാൻ എല്ലാം ചെയ്യുന്നത്.
ജീവിക്കാനുളള ആത്മവിശ്വാസം പണമാണ്. അത് കിട്ടിയപ്പോഴാണ് ജീവിക്കണമെന്ന് തോന്നിയത്. ഇത് എന്റെ അഭിപ്രായമാണ്. പണമുളളവനെ ലോകം അംഗീകരിക്കുളളൂ. എനിക്ക് മനസിലായ കാര്യമാണ്. ഞാൻ ഒരുപാട് ജോലികൾക്ക് പോയിട്ടുണ്ട്. പലരും മോഹൻലാലിനെ കാണാമെന്ന പ്രതീക്ഷയോടെയാണ് ബിഗ്‌ബോസിലേക്ക് പോകുന്നത്. ഞാൻ അങ്ങനെയായിരുന്നില്ല. എനിക്ക് പണം വേണമായിരുന്നു. കുറെ കടങ്ങളുണ്ടായിരുന്നു. എനിക്ക് വേണ്ട പണം ചാനലിനോട് സംസാരിച്ചു. അത് അവർ സമ്മതിക്കുകയായിരുന്നു.അങ്ങനെയാണ് ബിഗ്‌ബോസിൽ പോയത്.
പക്ഷെ പലരും എന്നെ തെറ്റിദ്ധരിച്ചു. ബിഗ്ബോസിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങി വീട്ടിൽ പോയി മകനെ കാണാം. അച്ഛനോടൊപ്പവും അമ്മയോടൊപ്പവും ഇരിക്കാം എന്നിങ്ങനെയായിരുന്നു ആഗ്രഹം. എന്നാൽ അതിനൊന്നും സാധിക്കാത്ത സാഹചര്യമാണ് പുറത്തെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മകൻ എന്നെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ കേട്ടിട്ടുണ്ട്. ഞാൻ ബിഗ്‌ബോസിൽ എങ്ങനെയായിരുന്നോ അതിന് വിപരീതമായാണ് ആളുകൾ എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കിയത്. ഞാൻ പേടിച്ചുപോയി. മകന്റെ പ്രായമുളള കുട്ടിയോട് ചേർത്താണ് എന്നെ മോശമായി ചിത്രീകരിച്ചത്. അത് എനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു'-മഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |