പാലക്കാട‌്: ദേശീയപതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെക്കുറിച്ചുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എൻ ശിവരാജൻ രംഗത്തെത്തിയത്. കോൺഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും എൻ ശിവരാജൻ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടിയെയും അദ്ദേഹം അധിക്ഷേപിച്ചു. ശിവൻകുട്ടി അല്ല ശവൻകുട്ടി ആണെന്നായിരുന്നു എൻ ശിവരാജൻ പറഞ്ഞത്.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നുരാവിലത്തെ പരിപാടിക്കായി ബിജെപി സംസ്ഥാന ഘടകം തയ്യാറാക്കിയ പോസ്റ്ററിൽ ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രമടങ്ങിയ പോസ്റ്റർ പോസ്റ്റുചെയ്തത്. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ പ്രതിഷേധ പരിപാടിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമാണ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രിയെ വിമർശിക്കാൻ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ബിജെപി തയ്യാറാക്കിയ ചിത്രത്തിലും കാവിക്കാെടിക്ക് പകരം ദേശീയ പതാക കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രമാണുള്ളത്. കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം ഗവർണർ രാജ്ഭവനിൽ വച്ചതിൽ ഒരുതെറ്റുമില്ലെന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ വാദിക്കുന്നതിനിടെയാണ് പുതിയ ചിത്രം പാർട്ടിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |