ന്യൂയോർക്ക് : വിമാന യാത്രയ്ക്കിടെ അലർജി മൂലം ആരോഗ്യനില മോശമായെന്ന് കാട്ടി സിംഗപ്പൂർ എയർലൈൻസിനെതിരെ കേസുമായി അമേരിക്കൻ യുവതി. ജർമ്മനിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ ചെമ്മീൻ കഴിച്ചതാണ് യുവതിക്ക് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയത്. തന്റെ രോഗാവസ്ഥയെ പറ്റി ക്യാബിൻ ക്രൂവിനെ മുൻകൂട്ടി അറിയിച്ചിട്ടും ജീവനക്കാർ ചെമ്മീൻ അടങ്ങിയ ഭക്ഷണം തന്നെ വിളമ്പിയെന്ന് യുവതി ആരോപിച്ചു.
ബിസിനസ് ക്ലാസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. ഒന്നിലേറെ ക്രൂ അംഗങ്ങളോട് അലർജിയെ പറ്റി ധരിപ്പിച്ചിരുന്നെന്ന് യുവതി പറയുന്നു. ചെമ്മീൻ കഴിച്ചെന്ന് മനസിലാക്കിയ ഉടൻ ക്രൂ അംഗത്തെ യുവതി ചോദ്യം ചെയ്തിരുന്നു. തെറ്റ് ചെയ്തുവെന്ന് സമ്മതിച്ച ക്രൂ അംഗം ക്ഷമ ചോദിക്കുകയും ചെയ്തു. യുവതിയുടെ ആരോഗ്യനില മോശമായതോടെ വിമാനത്തിന് ഫ്രാൻസിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. എയർപോർട്ടിലെ ആംബുലൻസിൽ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
യാത്രക്കാർക്ക് ഭക്ഷണത്തോട് അലർജിയുണ്ടെങ്കിൽ അതിന്റെ ഗൗരവം മനസിലാക്കി ഉചിതമായി പ്രതികരിക്കേണ്ടത് ക്യാബിൻ ക്രൂവിന്റെ ഉത്തരവാദിത്തമാണെന്ന് യുവതി പരാതിയിൽ വാദിക്കുന്നു. സംഭവം തന്റെ സന്തോഷവും ലക്ഷ്യങ്ങളും നഷ്ടപ്പെടുത്താൻ ഇടയാക്കിയെന്നും എയർലൈൻ ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |