തിരുവനന്തപുരം: ട്രംപിന്റെ നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും യുദ്ധ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും എം എ ബേബി പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ബേബി വ്യക്തമാക്കി.
'ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തെ ഞങ്ങൾ അസന്ദിഗ്ധമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഇത്തരവിട്ടത്. ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു. അന്ന് വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനെക്കുറിച്ചുള്ള നുണകളും ഇപ്പോൾ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം.
അമേരിക്കയുടെ ഇത്തരം നീക്കങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് യുഎസ് തെളിയിച്ചിട്ടുണ്ട്. ഇറാനിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിന് ശേഷം പത്താം ദിവസമാണ് അമേരിക്ക ഇറാനിൽ നേരിട്ട് ആക്രമണം നടത്തുന്നത്. സാദ്ധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു. ഇറാനിൽ നിന്ന് കയ്യെടുക്കുക. അമേരിക്ക യുദ്ധങ്ങൾ അവസാനിപ്പിക്കുക. സാമ്രാജ്യം തുലയട്ടെ'- ജനറൽ സെക്രട്ടറി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |