തിരുവനന്തപുരം: ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി മീനാക്ഷി ജയൻ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗോബ്ലെറ്റ് പുരസ്കാരത്തിനാണ് അർഹയായത്. നവാഗതയായ ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് 'വിക്ടോറിയ' മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാർഡ് നേടിയിരുന്നു.
അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു തൊഴിൽദിവസത്തിൽ വിക്ടോറിയ കടന്നുപോകുന്ന സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം മികച്ച അവതരണരീതി കൊണ്ട് വേറിട്ടൊരു സിനിമകാഴ്ചയായിരുന്നു.
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കു ഇന്ത്യയിൽ നിന്നുള്ള ഒരേ ഒരു എൻട്രി കൂടിയായിരുന്നു വിക്ടോറിയ. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയും ചൈനയിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര സിനിമാ മേളയുമാണിത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിമൻ എംപവർമെൻറ് ഗ്രാന്റ് ഉപയോഗിച്ചാണ് വിക്ടോറിയ ചിത്രം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |