കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട രേണുകയുടെ ഭർത്താവ് കുളത്തൂപ്പുഴ ആറ്റിനക്കര മൂർത്തിക്കാവ് മനു ഭവനിൽ സാനുക്കുട്ടനെയാണ് (45) ഇന്നലെ വൈകിട്ട് 4 ഓടെ വീടിന് സമീപത്തെ ചെമ്പനഴികം എമ്പോംഗ് വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം കാട്ടിലേക്ക് ഓടിമറഞ്ഞ സാനുക്കുട്ടനായി കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സംയുക്ത പരിശോധന നടത്തിവരികയായിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിരുന്നില്ല.
ഇന്നലെ വൈകിട്ട് മൂന്നോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാരിൽ ചിലർ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബി.അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഷാജഹാൻ മുഹമ്മദ്, വിനോദ് കുമാർ, ഗണേഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 20 ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു ഭാര്യ രേണുകയെ സാനുക്കുട്ടൻ കുത്തിക്കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |