വാഷിംഗ്‌ടൺ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അതീവ ജാഗ്രത നിർദേശം നൽകി യുഎസ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും ഭീകരവാദവും വർദ്ധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള 'ലെവൽ 2' നിർദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർദ്ധിക്കുകയാണ്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്. മുന്നറിയിപ്പില്ലാതെയും മുന്നറിയിപ്പോടെയും ഭീകരാക്രമണങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒഡീഷ, ഛത്തീസ്‌ഡഗ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിന് യുഎസ് സർക്കാരിന് പരിമിതിയുണ്ട്. സാറ്റലൈറ്റ് ഫോൺ, ജിപിഎസ് ഉപകരണം എന്നിവ കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. 20000 ഡോളർ പിഴയോ മൂന്ന് വർഷംവരെ തടവോ ലഭിക്കാമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
ജമ്മുകാശ്‌മീർ മേഖലയിലേയ്ക്കുള്ള യാത്രയ്ക്കും യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കണക്കിലെടുത്ത് ലഡാക്ക്, ലേ ഒഴികെയുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യരുത്. ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണരേഖയിൽ ഇത് സർവ്വസാധാരണമാണ്. യുഎസ് പൗരന്മാർ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കരുതെന്നും നിർദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |