ലുധിയാന: ഡൽഹിയിലെ പരാജയത്തെ തുടർന്ന് രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായ ആംആദ്മി പാർട്ടിയ്ക്ക് രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വമ്പൻ വിജയം. പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ഗുജറാത്തിലെ വിസവദറിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് പാർട്ടി വിജയക്കൊടി പറത്തിയത്.
ലുധിയാന വെസ്റ്റ് സീറ്റ് നിലനിർത്തിയ ആം ആദ്മി പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുൻ രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറയായിരുന്നു സ്ഥാനാർത്ഥി. ബിജെപിയുടെ ജീവൻ ഗുപ്തയെ മറികടന്ന് കോൺഗ്രസിന്റെ ഭരത് ഭൂഷൺ ആഷു രണ്ടാം സ്ഥാനം നേടി. ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി മരിച്ചതിനെ തുടർന്നാണ് ലുധിയാനയിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
ലുധിയാന വെസ്റ്റിൽ വിജയിക്കാനായി ആം ആദ്മി പാർട്ടി കഠിനമായി പ്രയത്നിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, അതിഷി അടക്കമുള്ളവർ സ്ഥാനാർത്ഥിയായ സഞ്ജീവ് അറോറയ്ക്ക് വേണ്ടി കളത്തിലിറങ്ങി. വ്യാപകമായ പ്രചാരണം നടത്തി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ട് വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാൽത്തന്നെയാണ് മുതിർന്ന നേതാക്കളടക്കമുള്ളവർ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്
ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റ് കിരിത് പട്ടേലിനെയാണ് വിസവദറിൽ ആംആദ്മി പരാജയപ്പെടുത്തിയത്. ആന്ധ്രാപ്രദേശ് മുൻ സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ 75,942 വോട്ടുകൾ നേടി. ബിജെപിയുടെ ശക്തികേന്ദ്രമായ ഒരു സംസ്ഥാനത്ത് 17,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.
കാഡി ഉപതിരഞ്ഞെടുപ്പ്
കാഡിയിൽ, ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ 39,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി എംഎൽഎ കർസൻ സോളങ്കിയുടെ മരണത്തെത്തുടർന്ന് ഫെബ്രുവരി മുതൽ ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ബംഗാൾ ഉപതിരഞ്ഞെടുപ്പ്
നാദിയ ജില്ലയിൽ വരുന്ന ബംഗാളിലെ കാളിഗഞ്ച് നിയോജകമണ്ഡലത്തിൽ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി അലിഫ അഹമ്മദ് വിജയിച്ചു. ഫെബ്രുവരിയിൽ അലിഫയുടെ പിതാവും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ നസിറുദ്ദീൻ അഹമ്മദ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി ആശിഷ് ഘോഷിനെയാണ് ഈ സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്.
അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലും കേരളത്തിലും ബിജെപിയ്ക്കും ഇന്ത്യ മുന്നണിക്കും ഏറെ നിർണായകമായിരുന്നു ഉപതിരഞ്ഞെടുപ്പ്. കേരളത്തിലെ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ ആണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |