തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വിതരണം ഭാഗികമായി പുനരാരംഭിച്ചു. മൊത്ത വ്യാപാരികൾ എണ്ണ കമ്പനിയിൽ നിന്നും മണ്ണെണ്ണ ഏറ്റെടുത്ത് ഡിപ്പോകളിലെത്തിച്ചു. റേഷൻകടക്കാർ മണ്ണെണ്ണ വിതരണവും ആരംഭിച്ചു. കടകളിൽ ഒന്നരവർഷം മുമ്പ് മിച്ചംവന്ന മണ്ണെണ്ണയാണ് ശനിയാഴ്ച കടകളിലെത്തിയവർക്ക് ചില റേഷൻ വ്യാപാരികൾ നൽകിയത്. വിതരണം ശനിയാഴ്ച ആരംഭിക്കുമെന്നായിരുന്നു ജി.ആർ.അനിൽ അറിയിച്ചിരുന്നത്.
ചില റേഷൻകടയുടമകൾ മണ്ണെണ്ണ വിതരണത്തിൽ നിന്നുവിട്ടു നിൽക്കുകയാണ്. വ്യാപാര സംഘടനകൾ ഇന്ന് യോഗം കൂടി അന്തിമ തീരുമാനമെടുക്കും. 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്റെ ആദ്യപാദത്തിലേക്ക് 5676 കിലോ.ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിനനുവദിച്ചത്.
സേവന നിരക്ക് കരാർ:
അക്ഷയ സംരംഭകരുടെ
നിവേദനം പരിഗണിക്കണം
കൊച്ചി: അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ കൊണ്ടുവന്ന പുതിയ കരാർ അന്തിമമാക്കും മുമ്പ് സംരംഭകരുടെ നിവേദനം കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി. ഓൾ കേരള അക്ഷയ എന്റർപ്രണേഴ്സ് കോൺഫെഡെറേഷൻ സമർപ്പിച്ച ഹർജി തർപ്പാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
പുതിയ കരാർ ഏകപക്ഷീയമാണെന്നും വ്യവസ്ഥകൾ തങ്ങൾക്ക് അജ്ഞാതമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് അടിച്ചേൽപ്പിക്കാനാണ് നീക്കമെന്നും വാദിച്ചു. അതേസമയം, കരാർ നിലവിൽ നടപ്പാക്കുന്നതിന് കോടതി ഉത്തരവ് തടസമാകില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
നികുതി കുടിശിക തീർപ്പാക്കൽ ആനുകൂല്യം 30ന് അവസാനിക്കും
തിരുവനന്തപുരം:വർഷങ്ങൾ പഴക്കമുള്ള നികുതി കുടിശികയും ജി.എസ്.ടി കുടിശികയും ഇളവുകളോടെ ഒറ്റത്തവണ അടച്ച് തീർപ്പാക്കാനായി ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കൊണ്ടുവന്ന ആംനസ്റ്റി 2025ന്റെ കാലാവധി ജൂൺ 30ന് അവസാനിക്കും.നികുതി കുടിശികയ്ക്ക് പുറമെ വ്യാപാരികൾക്ക് ഫ്ളഡ് സെസ്,ബാറുടമകൾക്ക് ടേണോവർ ടാക്സ് കുടിശികഎന്നിവയും തീർപ്പാക്കാം.ബന്ധപ്പെട്ട വെബ് സൈറ്റിൽ ഇളവുകൾ പരിശോധിച്ച് ബാക്കി തുക അടച്ചശേഷം അപേക്ഷ സമർപ്പിച്ചാൽ നികുതി കുടിശികയിൽ നിന്ന് ഒഴിവാക്കിയതായി അറിയിപ്പ് കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |