ശിവഗിരി: ഡൽഹിയിൽ ഇന്ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ-മഹാത്മാഗാന്ധി സമാഗമശതാബ്‌ദി ആഘോഷത്തിൽ പങ്കെടുക്കാൻ ശിവഗിരി മഠം സന്യാസി സംഘം ഡൽഹിയിലെത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാവിലെയോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 20ഓളം സന്യാസിമാർക്ക് സമാഗമശതാബ്‌ദി ആഘോഷ കമ്മിറ്റി സംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ശിവഗിരി മഠം നിയമോപദേഷ്ടാവ് സെമിൻരാജ് , മഠം പി.ആർ.ഒ ഇ.എം സോമനാഥൻ, അനർട്ട് മുൻ ഡയറക്ടറും ശിവഗിരി മീഡിയ കമ്മിറ്റി ചെയർമാനുമായ ഡോ.എം.ജയരാജു, കഥാപ്രസംഗ ആഘോഷക്കമ്മിറ്റി കൺവീനർ അജയൻ .എസ്.കരുനാഗപ്പള്ളി , യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, മാതൃസഭ ചെയർപേഴ്സൺ ഡോ.അനിതാശങ്കർ ഉൾപ്പെടെയുള്ളവരും സന്യാസി സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ഡൽഹി മലയാളി അസോസിയേഷൻ , പാഞ്ചജന്യം ഭാരതം, എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് യൂണിയൻ, കെ.പി.എം.എസ് , വിശ്വകർമ്മസഭ , ശ്രീനാരായണകേന്ദ്രം , സച്ചിദാനന്ദസ്വാമി ഫൗണ്ടേഷൻ, ഹരിജൻ സേവാസംഘം , ലോകകേരള സഭ, മലയാളി വിശ്വകർമ്മസഭ, ഗുരുധർമ്മ പ്രചാരണസഭ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ എത്തിയിരുന്നു. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഗുരുദേവ പ്രസ്ഥാനങ്ങളും സമ്മേളനത്തിൽ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട് .കേരളാ ഹൗസിലും വിവിധ പ്രസ്ഥാനങ്ങളുടെ കെട്ടിടങ്ങളിലും ഗുരുഭക്തരുടെ വീടുകളിലും സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ: ശ്രീനാരായണ ഗുരുദേവ-മഹാത്മാഗാന്ധി സമാഗമശതാബ്‌ദി ഡൽഹി സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും നേതൃത്വത്തിൽ എത്തിയ സന്യാസിമാർക്ക്
സമാഗമശതാബ്‌ദി ആഘോഷ കമ്മിറ്റി സംഘാടക സമിതി സ്വീകരണം നൽകിയപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |