തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി നടത്തുമെന്ന് പ്രഖ്യാപിച്ച സിനിമാ കോൺക്ലേവിന് ഒടുവിൽ തീരുമാനമായി. ആഗസ്റ്റ് 2,3തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ കേരള ഫിലിം പോളിസി കോൺക്ലേവ് നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചിലഭാഗങ്ങൾ പുറത്തുവന്നതോടെയാണ് സിനിമാ കോൺക്ലേവ് സജീവ ചർച്ചയായത്. സാസ്കാരിക വകുപ്പ് കൊച്ചിയിൽ കഴിഞ്ഞ നവംബർ 23ന് നടത്താൻ തീരുമാനിച്ച കോൺക്ലേവ് ആദ്യം മാറ്റി വച്ചത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പേരിലായിരുന്നു.
ഹേമകമ്മിറ്റി ശുപാർശകൂടി പരിഗണിച്ച് രണ്ടുമാസത്തിനകം സിനിമാ നയത്തിന്റെ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ നിർദേശിച്ച് 2023 ജൂലായിലാണ് ഷാജി എൻ.കരുൺ അദ്ധ്യക്ഷനായി സമിതിയെ നിശ്ചയിച്ചത്. ഏറ്റവും ഒടുവിൽ ഷാജി എൻ.കരുൺ സിനിമാ നയത്തിന്റെ കരടും സമർപ്പിച്ചിരുന്നു.
17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ എത്തും
സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്‌കാരികടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ, അന്താരാഷ്ട്ര- ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർ, തൊഴിൽനിയമ രംഗങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.സിനിമാനയത്തിന്റെ കരടുരൂപം ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |