ഭിക്ഷ യാചിക്കാനെത്തുന്നയാളെ കാണുമ്പോൾ എന്താണ് നിങ്ങളുടെ മനസിൽ ആദ്യം തോന്നുക? ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും വകയില്ലാത്ത, നല്ലൊരു വസ്ത്രമോ വീടോ ഒന്നും ഇല്ലാത്ത ഒരാളായിരിക്കാം ഇയാൾ എന്നായിരിക്കും. എന്നാൽ മുംബയിൽ നിന്നുള്ള ഭരത് ജെയിൻ എന്നയാൾ ഈ സങ്കൽപങ്ങളെയൊക്കെ മാറ്റിമറിക്കും. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ധനികനായ യാചകനായിരിക്കാം ഭരത് ജെയിൻ.
ഭരത് ജെയിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ ഉണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ പല വിദ്യാസമ്പന്നരായ പ്രൊഫഷണലുകളേക്കാളും കൂടുതൽ പണം ഇദ്ദേഹം സമ്പാദിക്കുന്നു.
1.4 കോടി രൂപയുടെ രണ്ട് ഫ്ളാറ്റുകൾ സ്വന്തമായുണ്ട്. താനെയിൽ രണ്ട് കടകൾ ഉണ്ട്. ഇതിൽ നിന്ന് വാടകയായി മാസം 30, 000 രൂപ ലഭിക്കുന്നു. മുംബയിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇദ്ദേഹം ഭിക്ഷയാചിക്കാനായി എത്തുന്നത്. 7.5 കോടി രൂപയുടെ സാമ്രാജ്യത്തിന്റെ ഉടമയാണ് ഭരത് ജെയിൻ. ഭിക്ഷാടനത്തിലൂടെ പ്രതിമാസം 60,000 മുതൽ 75,000 രൂപ വരെ വരുമാനം ലഭിക്കുന്നു.
കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യമായിരുന്നു. അതിനാൽത്തന്നെ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. എന്നാൽ മനക്കരുത്ത് കൊണ്ട് അദ്ദേഹം എല്ലാം നേടിയെടുത്തു. ഭാര്യയും രണ്ട് ആൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്. തനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം മക്കൾക്ക് നൽകി.
നാൽപ്പത് വർഷത്തിലേറെയായി ഭരത് ജെയിൻ ഭിക്ഷാടനം നടത്തിവരുന്നു. സാധാരണയായി ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ഇടവേളകളില്ലാതെ ജെയിൻ ജോലി ചെയ്യുന്നു. പ്രതിദിനം രണ്ടായിരം രൂപയിലധികം വരുമാനം.
കോടികൾ സമ്പാദിച്ചിട്ടും ഭാരത് ജെയിൻ ഭിക്ഷാടനം തുടരുന്നതിൽ കുടുംബത്തിൽ ചിലർക്ക് വിയോജിപ്പുണ്ട്. കോൺവെന്റ് സ്‌കൂളിൽ പഠിച്ച അദ്ദേഹത്തിന്റെ മക്കൾ കുടുംബത്തിന്റെ ബിസിനസ് നോക്കിനടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |