ന്യൂഡൽഹി: അഹമ്മദാബാദിൽ 294പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും ജനങ്ങൾ ഇതുവരെ മുക്തരായിട്ടില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിമാനക്കമ്പനി ഇരകളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ നൽകിയ ചോദ്യാവലി കൃത്യമായി പൂരിപ്പിച്ച് നൽകിയില്ലെങ്കിൽ നഷ്‌ടപരിഹാരം നൽകില്ല എന്ന് കമ്പനി ഭീഷണിപ്പെടുത്തിയെന്നാണ് ഇരകളുടെ കുടുംബം ആരോപിക്കുന്നത്.
നഷ്‌ടപരിഹാരത്തുക വെട്ടിക്കുറയ്‌ക്കാൻ ശ്രമിച്ചതായും ചിലർ കുറ്റപ്പെടുത്തി. മാത്രമല്ല, മരിച്ചുപോല കുടുംബാംഗത്തെ സാമ്പത്തികമായി ആശ്രയിക്കുന്നു എന്ന് തെളിയിക്കുന്ന രേഖകൾ നൽകാനും ചില പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നുവെന്നും ചിലർ പറഞ്ഞു. അപകടം നടന്നതിന്റെ വേദന മാറാത്ത കുടുംബാംഗങ്ങളെ കുത്തിനോവിക്കുന്ന തരത്തിലാണ് വിമാനക്കമ്പനിയുടെ നടപടി.
അപകടത്തിൽ മരണപ്പെട്ട യുകെയിലെയും ഇന്ത്യയിലെയും പൗരന്മാരുടെ കുടുംബങ്ങൾ നിയമ സ്ഥാപനമായ സ്റ്റുവർട്ട്സിനെ നിയമിച്ചിട്ടുണ്ട്. എയർ ഇന്ത്യ, ബോയിംഗ്, മറ്റ് ഉത്തരവാദിത്തപ്പെട്ട കക്ഷികൾ എന്നിവർക്കെതിരായി ഇരകളുടെ കുടുംബത്തിനായി പോരാടാൻ ഈ കമ്പനി അഹമ്മദാബാദിലെ നാനാവതി ആന്റ് നാനാവതി എന്ന നിയമ സ്ഥാപനവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ നിയമസ്ഥാപനം തന്നെയാണ് ഒരു പ്രസ്‌താവനയിലൂടെ ഇരകളുടെ കുടുംബം നേരിടുന്ന പ്രശ്‌നങ്ങൾ വെളിപ്പെടുത്തിയത്. ചോദ്യാവലിയിലുള്ള കാര്യങ്ങളെപ്പറ്റിയോ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റിയോ ഉള്ള നിർദേശങ്ങൾ പോലും നൽകാൻ തയ്യാറാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. നിയമപരമായ പദങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ നഷ്‌ടപരിഹാരം വെട്ടിക്കുറയ്‌ക്കാൻ കാരണമാകുന്ന നിബന്ധനകളെക്കുറിച്ച് വിശദീകരിക്കാൻ എയർഇന്ത്യ കമ്പനി തയ്യാറാകുന്നില്ല.
നിയമപരമായി വശമില്ലാത്ത സാധാരണക്കാർക്ക് മനസിലാകാത്ത വിധമാണ് അതിൽ പറഞ്ഞിരിക്കുന്നത്. നൽകുന്ന വിവരങ്ങൾ ഭാവിയിൽ എയർ ഇന്ത്യയ്‌ക്ക് കുടുംബങ്ങൾക്കെതിരെ ഉപയോഗിക്കാൻ കഴിയും. ഈ ചോദ്യാവലി പൂരിപ്പിക്കരുതെന്ന് നിയമസ്ഥാപനം ഇരകളുടെ കുടുംബങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുർബലരായി നിൽക്കുന്ന കുടുംബങ്ങൾക്കുമേൽ എയർ ഇന്ത്യ ഇത്തരത്തിൽ സമ്മർദം ചെലുത്തുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും പ്രസ്‌താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |