പല വീടുകളിലും നിത്യവും തുടരുന്ന ഒരു ആചാരമാണ് നിലവിളക്ക് കൊളുത്തുന്നത്. ചിലർ രാവിലെയും കൂടുതൽ പേരും വൈകിട്ടുമാണ് നിലവിളക്ക് കൊളുത്തുന്നത്. തിന്മയെ അകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കാനാണ് നിലവിളക്ക് വയ്ക്കുന്നതെന്നാണ് വിശ്വാസം.ദൈവങ്ങളുടെ പ്രതീകമായാണ് വിളക്കിനെ കാണുന്നത്.
മനഃശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി മാത്രമേ വിളക്ക് കൊളുത്താൻ പാടുള്ളൂ. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്‌ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു എന്നാണ് വിശ്വാസം. നിലവിളക്കിന്റെ നാളം ലക്ഷ്‌മിദേവിയെയും പ്രകാശം സരസ്വതീ ദേവിയെയും അതിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു.
വിളക്ക് കരിംതിരി കത്താതിരിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. കരിംതിരി കത്തുന്നത് ദോഷമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. വിളക്ക് കത്തിച്ച് കഴിഞ്ഞശേഷം അതിൽ തിരി അവശേഷിക്കാറുണ്ട്. പലർക്കും ഈ തിരി എന്തുചെയ്യണമെന്ന് അറിയില്ല. ചിലർ ഇത് വലിച്ചെറിയുന്നു. എന്നാൽ ജ്യോതിഷിമാരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ തിരി വലിച്ചെറിയുന്നത് അശുഭമായി കണക്കാക്കപ്പെടുന്നു. ബാക്കി വന്ന തിരി വൃത്തിയുള്ള സ്ഥലത്തെ മണ്ണിൽ കുഴിച്ചിടുകയോ മരത്തിന്റെ ചുവട്ടിൽ ഇടുകയോ ചെയ്യുന്നതാണ് നല്ലത്. ഇത് വീട്ടിൽ ഭാഗ്യം നൽകുമെന്നാണ് വിശ്വാസം.
അതുപോലെ പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്. അല്ലെങ്കിൽ ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മദ്ധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വയ്ക്കാവുന്നതാണ്. വിളക്കിൽ ഒഴിച്ച എണ്ണ തീരുംവരെ കത്തിച്ചുവയ്ക്കാം എന്നാണ് ആചാര്യന്മാർ പറയുന്നതെങ്കിലും സന്ധ്യ കഴിഞ്ഞാൽ അണയ്ക്കുന്നതിൽ തെറ്റില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |