SignIn
Kerala Kaumudi Online
Sunday, 27 September 2026 10.28 AM IST

തനിക്കെതിരായ കേസിന് പിന്നിൽ സി.പി.എം അല്ല, ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയത്തിൽ മാറ്റമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

thushar-vellappally

കൊച്ചി: തനിക്കെതിരായ കേസിന് പിന്നിൽ സി.പി.എം അല്ലെന്ന് എസ്.എൻ.ഡി.പി യോഗം വെെസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയടക്കം കക്ഷിരാഷ്ട്രീയം മറന്ന് തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാസിലിനുപിന്നിലുള്ളവരെ അറിയാമെന്നും ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയത്തിൽ മാറ്റമുണ്ടാകില്ലെന്നും തുഷാർ വ്യക്തമാക്കി.

അജ്മാനിലെ ചെക്ക് കേസിൽ നിന്ന് കുറ്റവിമുക്തനായ തുഷാർ ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. ദുബായിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ തുഷാറിന് എസ്.എൻ.ഡി.പി യൂണിയൻ സ്വീകരണം നൽകി. ഞായറാഴ്ച ഒമ്പതുമണിയോടെയാണ് അദ്ദേഹം എത്തിയത്. ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരും ബി.ഡി.ജെ.എസ് നേതാക്കളും തുഷാറിനെ സ്വീകരിക്കാൻ എത്തിയിരുന്നു. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിലാണ് തുഷാർ ജയിലിലായത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് നാസിൽ സമർപ്പിച്ച രേഖകൾ യഥാർത്ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാർ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 21ന് അജ്മാനിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ രാത്രിയിൽ പൊലീസ് എത്തി തുഷാറിനെ അറസ്റ്റ് ചെയ്തത്. നാസിലിന് താൻ ചെക്ക് നൽകിയിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വ്യക്തമാക്കിയിരുന്നു. ഖദീർ എന്നയാളെക്കൊണ്ട് തുഷാറിന്റെ ഒപ്പുള്ള ബ്‌ളാങ്ക് ചെക്ക് കൈവശമാക്കിയ ശേഷം അതിൽ 20 കോടി രൂപ എന്ന് എഴുതിച്ചേർത്ത് നാസിൽ വ്യാജ ചെക്ക് ഉണ്ടാക്കുകയായിരുന്നു. തുഷാറിനെ കുടുക്കി പണം തട്ടാൻ നാസിൽ പദ്ധതി ആസൂത്രണം ചെയ്തതിന്റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് തട്ടിപ്പ് വെളിയിലായത്. മറ്റൊരാളിൽ നിന്ന് താൻ അഞ്ച് ലക്ഷം രൂപ കൊടുത്ത് ചെക്ക് വാങ്ങിയതാണെന്ന് ശബ്ദരേഖയിൽ നാസിൽ പറയുന്നുണ്ട്. നാസിലിന് ചെക്ക് നൽകിയിട്ടില്ലെന്ന് തുഷാർ വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു ശബ്ദരേഖ. പത്തുവർഷം മുമ്പുള്ള ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്നും തുഷാർ വാദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUSHAR VELLAPPALLY, LANDS IN, KOCHI AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA