കൊച്ചി: ജില്ലയിൽ 29 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സ്വകാര്യബസിൽ യാത്രക്കാരന്റെ മൊബൈൽഫോൺ കവർന്നതിന് വീണ്ടും അറസ്റ്റിലായി. ചെന്താര സജീർ എന്നറിയപ്പെടുന്ന പെരുമ്പാവൂർ ചെന്താരവീട്ടിൽ സജീറിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.
22ന് വൈകിട്ട് ഹൈക്കോർട്ട് ജംഗ്ഷനിൽനിന്ന് കാക്കനാട് ഭാഗത്തേക്കുപോയ സ്വകാര്യബസിൽ മേനക ജംഗ്ഷനിൽ നിന്ന് കയറിയ യാത്രക്കാരന്റെ സ്മാർട്ട്ഫോണാണ് കവർന്നത്. യാത്രക്കാരൻ മയങ്ങിപ്പോയ സമയത്ത് പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് എടുത്തത്. സി.സി ടിവി ക്യാമറകളും മൊബൈൽഫോൺ ടവറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്കറ്റടി, മോഷണം, പിടിച്ചുപറി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |