തിരുവനന്തപുരം: കേരളത്തിലെത്തിയപ്പോൾ ആരോടും ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞതിന് അർത്ഥം വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നല്ലെന്ന് ഗവർണർ ആർ.വി ആർലേക്കർ. ഗവർണറെപ്പോലും പ്രസംഗിപ്പിക്കാതെ തടയാൻ ഇതെന്താ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോയെന്നും ചോദിച്ചു. കേരള സർവകലാശാലാ സെനറ്റ്ഹാളിൽ ശ്രീപദ്മനാഭസേവാസമിതിയുടെ 'അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കെ.എസ്.യുവും ഗവർണർക്കെതിരെ വൻപ്രതിഷേധം നടത്തിയത് പരാമർശിച്ചായിരുന്നു പ്രസംഗം.
അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷശബ്ദം അടിച്ചമർത്തി. ആരെയും സംസാരിക്കാൻ അനുവദിച്ചില്ല. സമാന പ്രശ്നങ്ങളാണ് ഇവിടെയും. എല്ലാ അധികാരവും തങ്ങളുടേതെന്നും ആരും സംസാരിക്കേണ്ടെന്നുമാണ് ഭരണത്തിലുള്ളവർ കരുതുന്നത്. ഇതാണോ ജനാധിപത്യം. സഹിഷ്ണുത ഇല്ലാതായോ? എന്തിനാണ് ഈ ഏറ്റുമുട്ടൽ. എന്റെ ആശയവും വീക്ഷണവും എന്റേതാണ്. നിങ്ങളുടെ ആശയത്തെ ഞാൻ എതിർക്കുന്നില്ല. പിന്നെ എന്തിന് എന്റെ ആശയത്തെ തടയുന്നു. അസഹിഷ്‌ണുത ഈ മണ്ണിൽ തുടരാനാവില്ല. വ്യത്യസ്ത ആശയമുള്ളവരടക്കം ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ആരെയും ഉന്നംവയ്ക്കുന്നുമില്ല. പക്ഷേ ഇത്തരം ജനാധിപത്യം തുടരാനാവില്ല. ഇത് മുന്നോട്ടുകൊണ്ടുപോകാനാവില്ല. അടിയന്തരാവസ്ഥ പഠിപ്പിച്ച പാഠം ഉറക്കെ പറയാനാണ് ഈ പരിപാടി. 50വർഷത്തിനുശേഷം അടിയന്തരാവസ്ഥയെക്കുറിച്ച് പരിശോധിക്കുമ്പോൾ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കുകയാണ് അനിവാര്യം. തനിക്ക് രാഷ്ട്രീയ ശത്രുതയില്ല. ഞാൻ രാഷ്ട്രീയ നേതാവല്ല. ജനാധിപത്യപരമായി കൂടുതൽ മുന്നോട്ടുപോവുകയാണ് വേണ്ടത്- ഗവർണർ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത്
ജയിലിൽ
അവസാന ശ്വാസംവരെ അധികാരത്തിൽ തുടരാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടുവർഷം കിരാതമായ അതിക്രമങ്ങളാണുണ്ടായത്. ആരും ഓർക്കാനാഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു. ബികോം വിദ്യാർത്ഥിയായിരുന്ന താനും പിതാവും ഗോവയിൽ ജയിലിലായി. ഇക്കാര്യം പരസ്പരം അറിയില്ലായിരുന്നു. പ്രധാനമന്ത്രിക്കും രാജ്യത്തിനും ഭീഷണിയെന്ന കുറ്രമാണ് തനിക്കെതിരേ ചുമത്തിയത്. മുഖ്യമന്ത്രി പിണറായിവിജയന് അടിയന്തരാവസ്ഥക്കാലത്ത് മർദ്ദനമേറ്റിട്ടും പ്രതിഷേധിക്കാൻ ആരുമുണ്ടായിരുന്നില്ല. 80000ത്തോളം പേർ ജയിലിലായി. ഭൂരിപക്ഷവും ആർ.എസ്.എസ്,ജനസംഘം പ്രവർത്തകരായിരുന്നു. കൊടുംക്രൂരതയുടെ നാളുകളായിരുന്നു അത്. 2വർഷത്തിനുശേഷം ഇന്ദിരയെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ഇന്ത്യൻജനത ഉയിർത്തെഴുന്നേറ്റു.
ജനതാപാർട്ടിയും സി.പി.എമ്മും ഒരുമിച്ചാണ് കോൺഗ്രസിനെ നേരിട്ടത്. മുംബയിൽ സി.പി.എം വനിതാനേതാവ് ജനസംഘത്തിന്റെ പിന്തുണയിൽ ജയിച്ചു. അത് അക്കാലത്തെ ആവശ്യമായിരുന്നു. എന്നാലിന്ന് കേരളത്തിൽ വ്യത്യസ്ത ചിത്രമാണ്. 1977ൽ ഇന്ദിരാഗാന്ധി തോറ്റില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ വിധി മറ്രൊന്നാവുമായിരുന്നു. എക്കാലവും രാജ്യഭരണം തങ്ങൾക്കാണെന്നായിരുന്നു നെഹ്‌റുകുടുംബത്തിന്റെ ചിന്ത.
രജിസ്ട്രാറോട് വി.സി വിശദീകരണം തേടി
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രമുള്ളതിനാൽ ഗവർണർ പങ്കെടുക്കേണ്ട സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയെന്ന് സംഘാടകരെയും ഗവർണറെയും അറിയിച്ചതിൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനോട് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ വിശദീകരണം തേടി. റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളും ഇതിനായി ആര് ചുമതലപ്പെടുത്തിയെന്നുമടക്കം അറിയിക്കാനാണ് നിർദ്ദേശം. പരിപാടി റദ്ദാക്കിയതായി ഗവർണറെയും രജിസ്ട്രാർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വകവച്ചിരുന്നില്ല. പരിപാടി റദ്ദാക്കണമെന്ന് രജിസ്ട്രാർ വി.സിയെ ഫോണിൽ അറിയിച്ചിരുന്നു. 65000രൂപ നൽകി മുൻകൂട്ടി സെനറ്റ് ഹാൾ ബുക്ക് ചെയ്തതാണെന്നും റദ്ദാക്കാനാവില്ലെന്നും ഭാരതാംബയുടെ ചിത്രം മതപരമല്ലെന്നും വി.സി മറുപടി നൽകിയിരുന്നു. എന്നാൽ ഇത് ധിക്കരിച്ചാണ് പരിപാടി റദ്ദാക്കിയെന്ന് സംഘാടകർക്ക് രജിസ്ട്രാർ കത്ത് നൽകിയത്. മതപരമായ പ്രസംഗങ്ങളോ പ്രഭാഷണങ്ങളോ പരിപാടിയിൽ ഒഴിവാക്കണമെന്ന വ്യവസ്ഥയിലാണ് ഹാൾ അനുവദിച്ചത്. അതേസമയം, മതപരവും രാഷ്ട്രീയവുമായ ഹിഹ്നങ്ങളുള്ളതിനാൽ നിയമപരമല്ലാത്തതിനാലാണ് പരിപാടി റദ്ദാക്കുന്നതെന്ന് രജിസ്ട്രാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ചും വിശദീകരണം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |