തിരുവനന്തപുരം: ബി.എസ്.എഫ് മേധാവിയായിരിക്കെ പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് നിതിൻ അഗർവാളിനെ കേരള കേഡറിലേക്ക് തിരിച്ചയച്ചതാണ്. എങ്കിലും സീനിയോരിറ്റിയിൽ ഏറ്റവും മുന്നിലുള്ള നിതിനെയാകും സർക്കാർ അടുത്ത പൊലീസ് മേധാവിയായി നിയമിക്കുക. പട്ടികയിലുള്ള മറ്റു രണ്ടുപേരായ റവാഡ ചന്ദ്രശേഖർ, യോഗേഷ്ഗുപ്ത എന്നിവരോട് സർക്കാരിന് അത്ര താത്പര്യമില്ലാത്തതും നിതിന് നറുക്ക് വീഴുന്നതിന് കാരണമായേക്കാം.
1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നിതിൻ. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ നിതിൻ റെയിൽവേ സിഗ്നൽ എൻജിനിയറായിരുന്നു. മികച്ച ടെന്നിസ് കളിക്കാരനുമാണ്. സി.ആർ.പി.എഫിൽ അഡി.ഡയറക്ടർ ജനറലായിരിക്കെയാണ് ബി.എസ്.എഫ് തലവനായത്.
അതേസമയം, സീനിയോരിറ്റിയിൽ രണ്ടാമനായ യോഗേഷ് ഗുപ്തയെ ഒഴിവാക്കാൻ ബുധനാഴ്ചയും സർക്കാർ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ആഭ്യന്തരവകുപ്പിലെ ഉന്നതനാണ് ഇക്കാര്യത്തിനായി യോഗേഷിനെ സമീപിച്ചത്. കേന്ദ്രഡെപ്യൂട്ടേഷന് കാത്തുനിൽക്കുന്ന യോഗേഷ് സ്വയംഒഴിവായെങ്കിൽ മനോജ്എബ്രഹാം യു.പി.എസ്.സി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുമായിരുന്നു. മനോജിന് 2031ജൂൺവരെ കാലാവധിയുമുണ്ട്.
അജിത്തിന് ഡി.ജി.പി റാങ്ക്?
നിതിൻഅഗർവാളിനെ പൊലീസ്‌മേധാവിയാക്കിയാൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കും. റവാഡയെയാണ് മേധാവിയാക്കുന്നതെങ്കിൽ അജിത്തിന് കാത്തിരിക്കേണ്ടി വരും. അല്ലെങ്കിൽ യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |