കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലറുടെ താത്കാലിക ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ ചാൻസലറുടെ നടപടിയെ ചോദ്യം ചെയ്ത് സെനറ്റംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഡോ. മോഹനന് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഇല്ലെന്നാരോപിക്കുന്ന ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് തള്ളിയത്. സെനറ്റംഗങ്ങളായ ഡോ.എ. ശിവപ്രസാദ്, പ്രിയ പ്രിയദർശനൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായ മോഹനൻ കുന്നുമ്മൽ 2022 മുതൽ കേരള വി.സിയുടെ അധിക ചുമതല വഹിക്കുകയാണ്. സ്ഥിരം വി.സി നിയമനം വൈകിയതിനെ തുടർന്നാണ് അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. മോഹനന് താത്കാലിക ചുമതല നൽകിയത്.
പ്രായം 60 പിന്നിട്ടെന്നും ഗവേഷണ ബിരുദം ഇല്ലെന്നും ആരോപിച്ചാണ് സെനറ്റംഗങ്ങൾ ഹർജി ഫയൽ ചെയ്തത്. എം.ബി.ബി.എസ് ഡോക്ടറെയല്ല വി.സിയായി നിയമിക്കേണ്ടതെന്നും വാദിച്ചു.
വി.സിയുടെ താത്കാലിക ചുമതലയാണ് നൽകിയിരിക്കുന്നതെന്നും അതിനാൽ പ്രായം 60 കഴിഞ്ഞത് അയോഗ്യതയല്ലെന്നും ചാൻസലർക്കായി ഹാജരായ അഭിഭാഷകൻ പി. ശ്രീകുമാർ വാദിച്ചു. യു.ജി.സി മാർഗനിർദ്ദേശത്തിൽ പ്രൊഫസർ എന്നേ നിഷ്‌കർഷിക്കുന്നുള്ളൂ. ഗവേഷണ ബിരുദം വേണമെന്ന് പറയുന്നില്ല.
മെഡിക്കൽ പഠനത്തിൽ എം.ബി.ബി.എസിനു ശേഷം എം.ഡി എന്നത് ഗവേഷണ ബിരുദത്തിന് തുല്യമായിട്ടാണ് കണക്കാക്കുന്നത്. ഡോ.മോഹനന് ഈ യോഗ്യതയുണ്ട്. ഏതെങ്കിലും പ്രത്യേക വിഷയത്തിൽ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് യു.ജി.സി ചട്ടത്തിൽ പറയുന്നില്ല.
വി.സി നിയമനം നടത്തേണ്ടത് യു.ജി.സി ആക്ട് അനുസരിച്ചാണെന്ന് സെനറ്റ് യോഗം തന്നെ അംഗീകരിച്ചതാണ്. ഹർജിക്കാർ സെനറ്റംഗങ്ങളാണ്. സെനറ്റ് പ്രതിനിധിയെ സേർച്ച് കമ്മിറ്റിയിലേക്ക് നൽകാത്തതിനാലാണ് സ്ഥിരം വി.സി നിയമനം വൈകുന്നതെന്നും വാദിച്ചു. ഇതു പരിഹണിച്ചാണ് ഹർജി തളളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |