56 വയസ്, രക്തദാനം
40 തവണയിലേറെ
കൊല്ലം: അദ്ധ്യാപകനായ മുഖത്തല ആലുംമൂട് ചരുവിള തെക്കേതിൽ കെ. ലാലു 56 വയസിനിടെ രക്തം ദാനം ചെയ്തത് 40 തവണയിലേറെ. കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള എ.ബി നെഗറ്റീവ് രക്തത്തിന്റെ ഉടമയായതിനാൽ രക്തദാന മേഖലയിലെ താരമാണ്.
25 വർഷം മുമ്പ് അമ്മയുടെ യൂട്രസ് ഓപ്പറേഷന്റെ സമയത്ത് രക്തദാനത്തിന് ആളെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. വന്നവർക്കാവട്ടെ പേടിയും. ആവശ്യമായത്ര രക്തം എടുക്കാനും കഴിഞ്ഞില്ല. ഈ അനുഭവമാണ് രക്തദാനത്തിന് പ്രേരണയായത്.
ജീവിതം കൈവിട്ടുപോവുന്ന അവസ്ഥയിൽ നിന്ന് നിരവധിപേരെ രക്ഷിക്കാൻ കഴിഞ്ഞു. കുട്ടികളില്ലാതിരുന്ന പുനലൂർ സ്വദേശിയായ യുവതിക്ക് നാല് വർഷം മുമ്പ് പ്രസവ സമയം രക്തം നൽകിയതാണ് എപ്പോഴും ഓർമ്മിക്കുന്ന ഒന്ന്. കുരുന്നു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ആ കുഞ്ഞിന്റെ ഓരോ പിറന്നാൾ ദിനത്തിലും അവർ വിളിച്ച് സന്തോഷം പങ്കിടാറുണ്ട്.
സ്വന്തം ചെലവിൽ യാത്ര ചെയ്താണ് എത്തുന്നത്. പലരും സ്നേഹ സമ്മാനങ്ങൾ നൽകാറുണ്ടെങ്കിലും സന്തോഷത്തോടെ അവയെല്ലാം നിരസിക്കും.
വിളിക്കുന്നത് ഒരു പരിചയവുമില്ലാത്തവരായിരിക്കും. പരിചയത്തിന് പ്രസക്തി ഇല്ലെന്നാണ് ലാലുവിന്റെ പക്ഷം. കൊവിഡ് കാലത്തും രക്തദാനത്തിൽ സജീവമായിരുന്നു. മക്കളായ അമൽ ലാൽ, അനുലാൽ എന്നിവരും രക്തം ദാനം ചെയ്യുന്നുണ്ട്. എ പോസിറ്റീവാണ് ഇവരുടെ ഗ്രൂപ്പ്.
മുഖത്തല സെന്റ് ജൂഡ് സ്കൂളിലെ ഹിന്ദി അദ്ധ്യാപകനാണ്. ഭാര്യ റോസമ്മ മുഖത്തല ഗവ. എൽ.പി.എസിലെ അദ്ധ്യാപികയാണ്. ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ലാലുവിനെ വിളിക്കാം. ഫോൺ: 9447069833.