ചണ്ഡീഗഡ്: കോളിളക്കം സൃഷ്ടിച്ച സിദ്ധു മൂസാവാല കൊലക്കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ തലവൻ ജഗ്ഗുഭഗവൻ പുരിയുടെ അമ്മയെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചു കൊന്നു. പഞ്ചാബിലെ ബട്ടാലയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ജഗ്ഗുവിന്റെ അമ്മ ഹർജിത് കൗറും മറ്റൊരാളും നിർത്തിയിട്ട കാറിലിരിക്കുമ്പോഴായിരുന്നു അജ്ഞാതർ വെടിയുതിർത്തത്.
ഗുരുതരമായി പരിക്കേറ്റ ഹർജിത് കൗറിനെ അമൃത്സറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മുഖത്തും നെഞ്ചിനും വയറിലുമാണ് വെടിയേറ്റത്. കൃത്യം നടത്തിയ ഉടനെ അക്രമികൾ രക്ഷപ്പെട്ടു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.
ഹർജിത് കൗർ മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ്. ബത്തിൻഡയിലെ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ജഗ്ഗുവിനെ അടുത്തിടെയാണ് അസമിലെ സിൽചാർ ജയിലിലേക്ക് മാറ്റിയത്. സിദ്ധു മൂസാവാല കൊലക്കേസിനൊപ്പം മറ്റുചില കേസുകളിലെ വിചാരണയും ഇയാൾ നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |