ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. പെരുങ്ങുഴി ഇടഞ്ഞുംമൂല കേന്ദ്രീകരിച്ച് മൂന്നിടത്ത് മോഷണം നടന്നു. ഇടഞ്ഞുംമൂല നികുഞ്ചത്തിൽ പ്രവാസിയായ സുധീറിന്റെ ആൾതാമസമില്ലാത്ത വീടിന്റെ വാതിലുകൾ കുത്തിത്തുറന്ന് അലമാരകൾ പൊളിക്കുകയും തുണികളും ബാഗുകളും വലിച്ചുവാരി നിലത്തിടുകയും ചെയ്തു. സമീപത്തെ രത്നാകരന്റെ കടയിലെ പൂട്ടു പൊളിച്ച് പണം അപഹരിച്ചു. ഗുരുദേവ് നഗറിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ 12നും 4.30നും ഇടയ്ക്കാണ് മോഷണം നടന്നതായി കാണുന്നത്. പർദ്ദ ധരിച്ച് മുഖം മറച്ചാണ് മോഷണങ്ങൾ നടത്തിയിരിക്കുന്നത്. ഗുരുദേവ് നഗറിൽ നിന്നും രണ്ടുപേർ വെളുപ്പിന് നടന്നു പോകുന്നതായി കണ്ടവരുണ്ട്. ഇടഞ്ഞുംമൂല റെയിൽവേ പാളം കേന്ദ്രീകരിച്ച് അപരിചിതർ വന്നു പോകുന്നതായി നാട്ടുകാർ ആരോപിച്ചു. മുമ്പ് ഈ മേഖല കേന്ദ്രീകരിച്ച് വാഹനങ്ങളിലെ പെട്രോൾ മോഷണം വ്യാപകമായിരുന്നു. ഗൾഫുകാർ ധാരാളമുള്ള മേഖലയായതിനാൽ മിക്ക വീടുകളിലും സ്ത്രീകൾ മാത്രമാണുള്ളത്. രാത്രികാല പൊലീസ് പട്രോളിംഗ് വേണമെന്ന ആവശ്യവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |