ബംഗളൂരു: പ്രേതബാധയെന്ന് ആരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. കർണാടകയിൽ ശിവമോഗ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 55 വയസുള്ള ഗീതമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതമ്മയുടെ മകൻ സഞ്ജയ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകൻ മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് ആശയും ഭർത്താവ് സന്തോഷും ചേർന്ന് ബാധയൊഴിപ്പിക്കൽ ആരംഭിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ബാധയൊഴിപ്പിക്കൽ ചടങ്ങുകൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നാലര മണിക്കൂറോളം വയോധികയെ വടികൊണ്ട് മർദ്ദിച്ചു. ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീതമ്മ മരണപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സഞ്ജയ്, ആശ, സന്തോഷ് എന്നിവർ അറസ്റ്റിലായത്.
അതേസമയം, ബീഹാറിൽ മന്ത്രവാദം ആരോപിച്ച് പൂർണിയ ജില്ലയിലെ തെറ്റ്ഗാമ ഗ്രാമത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. ഇവരുടെ വീട്ടിൽ നടത്തിയ മന്ത്രവാദത്തിനുശേഷം ഒരു കുട്ടി മരിച്ചതിന്റെ പേരിൽ അഞ്ചുപേരെയും മർദ്ദിച്ചശേഷം തീയിലിട്ട് കൊല്ലുകയായിരുന്നു. ഞായറാഴ്‌ച നടന്ന സംഭവത്തിൽ, മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബാബുലാൽ ഒറാവോൺ (50), ഭാര്യ സീതാ ദേവി (48), ഭാര്യാ മാതാവ് കാത്തോ ദേവി, മകൻ മഞ്ജീത് ഒറാവോൺ (25), മരുമകൾ റാണി ദേവി (23) എന്നിവരാണ് കൊല്ലപ്പെട്ടത്. സീതാ ദേവി നടത്തിയ ദുർമന്ത്രവാദത്തെ തുടർന്ന് രാംദേവ് ഒറാവോൺ എന്നയാളുടെ മകൻ മരിച്ചിരുന്നു. തുടർന്ന് ഗ്രാമത്തലവൻ നകുൽ ഒറാവോണിന്റെ നേതൃത്വത്തിൽ 200 ഗ്രാമവാസികൾ യോഗം ചേർന്ന് വിധിച്ച ശിക്ഷയാണ് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |