ചൂരൽമല(വയനാട്): രാജമ്മയുടെ ഹൃദയം കുഴിമാടത്തിൽ നിന്നെടുത്ത് മറ്റു ശരീര ഭാഗങ്ങൾക്കൊപ്പം വച്ച് നിത്യശാന്തിക്കായി മക്കൾ പ്രാർത്ഥിച്ചു. അവരുടെ ഉള്ളിൽ, ഒരു കുഴിയിൽ അമ്മയ്ക്ക് ഇനി അന്തിയുറങ്ങാമല്ലോ എന്ന സമാധാനം.
ചൂരൽമല ഉരുൾ ദുരന്തത്തിന് ഇരായാണ് മുള്ളത്തുതെരുവ് വീട്ടിൽ രാജമ്മ. രാജമ്മയ്ക്കൊപ്പം കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. കുത്തൊഴുക്കിൽ കല്ലും മരവും വന്നിടിച്ച് ഇവരുടെ ശീരിരം ഛിന്നഭിന്നമായി. കിട്ടിയ ഭാഗങ്ങൾ പുത്തുമല ശ്മശാനത്തിൽ രണ്ടു കല്ലറയിലായി സംസ്കരിച്ചു. ഡി.എൻ.എ ഫലം വന്നപ്പോഴാണ് അറിയുന്നത്, രാജമ്മയുടെ ഹൃദയം ഒരു കുഴിമാടത്തിലും മറ്റുഭാഗങ്ങൾ മറ്റൊന്നിലുമാണെന്ന്.
അമ്മയുടെ മൃതദേഹം ഒരു കുഴിയിൽ സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൻ അനിൽകുമാർ കഴിഞ്ഞ ഒമ്പത് മാസമായി വയനാട് കളക്ടറേറ്റ് കയറി ഇറങ്ങുകയായിരുന്നു. അനിൽകുമാറിനായി ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്തിറങ്ങി. തുടർന്നാണ് അധികൃതർ സമ്മതം മൂളിയത്.
ശ്മശാനത്തിൽ രണ്ടിടങ്ങളിലെ കുഴികളിലായി കിടന്ന രാജമ്മയുടെ മൃതദേഹം ഇന്നലെ ഒരു കുഴിയിലേക്ക് മാറ്റി ബന്ധുക്കൾ പ്രാർത്ഥിച്ചു. മക്കളായ അനിൽകുമാർ,അനിലേഷ്,അനീഷ് എന്നിവരും ഇവരുടെ മക്കളും അടക്കം 15 പേർചടങ്ങിനെത്തി.
അറംപറ്റിയ വാക്ക്
2019ൽ നാട്ടിൽ ഉരുൾ പൊട്ടി ഏതാനും പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ പല ഭാഗങ്ങളായി മുറിഞ്ഞ നിലയിലാണ് അന്നും കണ്ടെടുത്തത്. ''ഞാനും ഇതുപോലെ മരിച്ചാൽ കൈയും കാലും എല്ലാം ഒരു കുഴിയിൽ തന്നെ വേയ്ക്കണേ മക്കളേ....'' രാജമ്മ അനിൽകുമാറിനോട് ഇങ്ങനെ പറഞ്ഞിരുന്നു. ശ്മശാന ഭൂമിയിൽ 34, 213 നമ്പരുള്ള കുഴിമാടങ്ങളിൽ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട ദയനീയാവസ്ഥയാണ് മക്കൾക്ക് ഉണ്ടായിരുന്നത്. ജൂലായ് മുപ്പതിനാണ് അമ്മയുടെ ആണ്ടറുതി. ഇനി ഒരു കിഴിമാടത്തിൽ കർമ്മം ചെയ്താൽ മതിയല്ലോ എന്ന ആശ്വാസമാണവർക്ക്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |