തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് പ്രവർത്തന രൂപരേഖയുമായി ബി.ജെ.പി. വാർഡുതല വികസിത ടീമുമായി സംവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. ജൂലായ് 13ന് തിരുവനന്തപുരത്ത് നടക്കുന്ന വാർഡുതല വികസിത ടീമിന്റെ സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് തൃശൂരിൽ നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കും.
വികസിത വാർഡുകൾ എന്ന ആശയം വാർഡുതലത്തിൽ ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കും. 17,000 ഓളം വാർഡുകളിൽ വികസിത ടീം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്ന് മുതൽ പത്തുവരെ വാർഡ് സമ്മേളനം നടത്തും. ഓഗസ്റ്റ് 15ന് എല്ലാ വാർഡിലും സ്വാഭിമാന ത്രിവർണ റാലി സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാഭിമാനത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നുവരെയുള്ള പ്രവർത്തന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. നിലമ്പൂരിൽ ഏറെ പ്രതിബന്ധങ്ങൾക്കിടയിലും മെച്ചപ്പെട്ട പ്രകടനം നടത്താനായി.
യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, അഡ്വ.പി.സുധീർ, സി.കൃഷ്ണകുമാർ, അഡ്വ.മോഹൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
'അവർ പങ്കെടുക്കേണ്ട
യോഗമായിരുന്നില്ല'
മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി. മുരളീധരനും കെ. സുരേന്ദ്രനും പങ്കെടുക്കേണ്ട യോഗമല്ലായിരുന്നു ഇന്നലെ നടന്നതെന്ന് അവർ പങ്കെടുക്കാത്തതെന്തെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് എം.ടി. രമേശ് മറുപടി നൽകി. ഇത് സംസ്ഥാന നേതൃയോഗമല്ല. ജില്ലാ പ്രസിഡന്റുമാരുടേയും ജനറൽ സെക്രട്ടറിമാരുടെയും യോഗമായിരുന്നു. 30ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ഇവരെല്ലാം പങ്കെടുക്കും.
ചില നേതാക്കളെ ഒഴിവാക്കി?
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: തൃശൂരിൽ ഇന്നലെ ചേർന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലേക്ക് മുൻ അദ്ധ്യക്ഷൻമാരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ തുടങ്ങിയവരടക്കമുള്ള നേതാക്കളെ വിളിച്ചില്ലെന്ന് ആക്ഷേപം. അതേസമയം, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എസ്. സുരേഷ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
എന്നാൽ, ചില നേതാക്കളെ ഒഴിവാക്കിയെന്ന ആക്ഷേപം നേതൃത്വം നിഷേധിച്ചു. തൃശൂരിൽ ചേർന്നത് സംസ്ഥാന നേതൃയോഗമല്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച മിഷൻ 2025ന്റെ അവലോകന യോഗമായിരുന്നു. ജില്ലാ പ്രസിഡന്റുമാരും തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഭാരികളും മാത്രമാണ് പങ്കെടുത്തതെന്നും നേതൃത്വം വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |