ടെൽ അവീവ്: 12 ദിവസത്തെ സംഘർഷത്തിനിടെ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ആഴമുള്ള ബങ്കറിലൊളിച്ചതു കൊണ്ടാണ് ഖമനേയി രക്ഷപ്പെട്ടതെന്നും ഇസ്രയേൽ. ' തങ്ങളുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ ഖമനേയിയെ ഇല്ലാതാക്കുമായിരുന്നു. ഖമനേയിക്ക് അതറിയാമായിരുന്നു. അതുകൊണ്ട് അയാൾ വളരെ ആഴമുള്ള ഭൂഗർഭ അറകളിൽ ഒളിവിൽ പോയി. സൈനിക കമാൻഡർമാരുമായി ആശയവിനിമയം വിച്ഛേദിച്ചു. അതിനാൽ ഖമനേയിയെ വധിക്കുന്നത് യാഥാർത്ഥ്യമായില്ല"- ടെലിവിഷൻ അഭിമുഖത്തിനിടെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
സംഘർഷത്തിനിടെ ഖമനേയിയെ ഒരുപാട് തെരഞ്ഞെന്നും തങ്ങളുടെ പ്രധാന ലക്ഷ്യം ഇറാനിലെ ഭരണമാറ്റമല്ല, മറിച്ച് ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുകയായിരുന്നെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. ഖമനേയിയെ വധിക്കാൻ സഖ്യ കക്ഷിയായ യു.എസിന്റെ അനുവാദം തേടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 13ന് തുടങ്ങിയ സംഘർഷത്തിനിടെ ഇറാന്റെ നിരവധി സൈനിക മേധാവിമാരെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചിരുന്നു. 627 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 28 പേരും കൊല്ലപ്പെട്ടു. അതേ സമയം, ഇറാൻ ഇസ്രയേലിന് മേൽ വിജയം നേടിയെന്നും അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണിതെന്നും കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവെ ഖമനേയി അവകാശപ്പെട്ടിരുന്നു.
ചർച്ചയില്ല
ഇറാൻ- യു.എസ് ആണവ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി. യു.എസുമായി കൂടിക്കാഴ്ച ആലോചിച്ചിട്ടില്ലെന്ന് അരാഖ്ചി പറഞ്ഞു. യു.എസുമായി ചർച്ച പുനരാരംഭിക്കുന്നത് തങ്ങളുടെ താത്പര്യങ്ങളുമായി യോജിക്കുമോ എന്നത് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാശം സംഭവിച്ചു
അതേ സമയം, യു.എസിന്റെ ആക്രമണം ഇറാന്റെ ആണവ പദ്ധതിക്ക് നാശം സൃഷ്ടിച്ചെന്ന് അരാഖ്ചി സമ്മതിച്ചു. യു.എസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ ഒന്നും സംഭവിച്ചില്ലെന്നാണ് ഖമനേയി അവകാശപ്പെട്ടിരുന്നത്. ഭാവി തീരുമാനങ്ങൾക്കായി ആണവ പദ്ധതിയുടെ നിലവിലെ അവസ്ഥ അധികാരികൾ പരിശോധിച്ചു വരികയാണെന്നും അരാഖ്ചി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |