അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ് ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം.
ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ...3
ദേശീയ തലത്തിൽ കേരളം പിന്നോട്ടുപോകുമ്പോൾ മുന്നിലേക്ക് എത്തുന്നത് തമിഴ്നാട്,ഹരിയാന, ഒഡിഷ, മദ്ധ്യപ്രദേശ്,
ഉത്തർപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ്. പണ്ടൊക്കെ അത്‌ലറ്റിക്സിൽ കേരളത്തെ കണ്ട് പഠിക്കണമെന്നാണ് പറയാറുണ്ടായിരുന്നത്. ഇന്ന് ആ സ്ഥിതി മാറി. മെഡൽപ്പട്ടികയിൽ കേരളത്തിന് പിന്നിലായിരുന്നവരൊക്കെ മുകളിലേക്ക് കയറിവന്നു. എന്തുകൊണ്ടാണ് അവർക്കിത് സാധിച്ചതെന്ന് സൂക്ഷ്മമായി പഠിക്കേണ്ട അവസ്ഥയിലായി കേരളം.
തൊട്ടടുത്ത തമിഴ്നാടിന്റെ കാര്യം തന്നെയെടുക്കാം. ഇന്ന് ദേശീയ തലത്തിലുള്ള ഒരുപിടി മിന്നുന്ന അത്‌ലറ്റുകൾ തമിഴ്നാട്ടിൽ നിന്നാണ്. ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും ഉദയം ചെയ്ത അത്‌ലറ്റിക് ക്ലബുകളും അക്കാഡമികളുമാണ് അവരുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. കോയമ്പത്തൂർ മേഖലയിൽ മാത്രം ഇത്തരത്തിലുള്ള അമ്പതോളം അത്‌ലറ്റിക് നഴ്സറികളുണ്ട്. ലെവൽ വൺ, ലെവൽ ടു പരിശീലന രംഗത്തേക്ക് തിരിയുന്ന മുൻതാരങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർക്ക് പരിശീലിക്കാൻ വേണ്ട ഗ്രൗണ്ടും ട്രാക്കും കായിക ഉപകരണങ്ങളും നൽകാൻ സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധമാണ്. ഗ്രാസ് റൂട്ട് തലത്തിൽ ഉണ്ടാകുന്ന പ്രതിഭകളെ വളർത്തിയെടുക്കാൻ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ സൗകര്യങ്ങളെ ഉപയോഗിക്കാനും തമിഴ്നാടിന് കഴിയുന്നു.
നമ്മുടെ നാട്ടിൽ ഏതെങ്കിലുമൊരു മുൻ അത് അത്‌ലറ്റ് പരിശീലകനാകാൻ എത്തിയാൽ ആട്ടിയോടിക്കും. തടി കുറയ്ക്കാനായി നടക്കാൻ
വരുന്നവർക്ക് കാശുവാങ്ങി സിന്തറ്റിക് ട്രാക്ക് വിട്ടുകൊടുത്താലും കുട്ടികളെ പരിശീലിപ്പിക്കാൻവേണ്ടി കയറ്റില്ല. തിരുവനന്തപുരത്തും പാലായിലുമൊക്കെയുള്ള സിന്തറ്റിക് ട്രാക്കുകളിൽ അന്താരാഷ്ട്ര താരങ്ങൾക്ക് മുന്നിൽവരെ നോ എൻട്രി ബോർഡുയർന്നിട്ടുണ്ട്. പരിശീലനം നൽകുന്നത് പാതകമെന്നപോലെയാണ് ചില ഗ്രൗണ്ടുകളുടെ കൈവശക്കാർ പെരുമാറുന്നത്.
ഒഡീഷയുടെ കായിക വളർച്ചയ്ക്ക് കാരണം സർക്കാർ നൽകുന്ന പിന്തുണയാണ്. ഇന്ത്യൻ ഹോക്കി ടീമിനെത്തന്നെ സ്പോൺസർ ചെയ്യാൻ മുന്നിട്ടിറങ്ങിയ ഒഡിഷ സർക്കാർ ഭുവനേശ്വറിലെ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ ഏത് ദേശീയ മത്സരം നടത്താനും ഒരുക്കമാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക്സിന്റെ സ്ഥിരം വേദിയാകാനുളള സന്നദ്ധതയും അവർ അറിയിച്ചുകഴിഞ്ഞു. കേരളത്തിൽ നിന്നുൾപ്പടെ മികച്ച പരിശീലകരെ നല്ല പ്രതിഫലത്തിന് ഒഡീഷയിലെത്തിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് ഹരിയാന സർക്കാർ തുടങ്ങിവച്ച പരിപാടികളാണ് അവരുടെ കായിക വളർച്ചയ്ക്ക് വഴിമരുന്നിട്ടത്. ഓരോ ജില്ലാ കേന്ദ്രങ്ങളിലും ഗ്രൗണ്ടും ഇൻഡോർ സൗകര്യങ്ങളും ചേർന്ന സ്പോർട്സ് കോംപ്ളക്സുകൾ സ്ഥാപിച്ച ഗുജറാത്തും മുന്നോട്ടുപോയതിൽ അതിശയമില്ല. മികച്ച താരങ്ങളെ അർഹിക്കുന്ന ആദരവോടെ കാണുന്ന സമീപനമാണ് ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമൊക്കെ കൂടുതൽ കുട്ടികൾ ഈ രംഗത്തേക്ക് വരാൻ കാരണം.
ഇങ്ങനെ ചുറ്റോടുചുറ്റും കണ്ണോടിച്ചാൽതന്നെ നമ്മുടെ പിഴവുകളും മറ്റുള്ളവരുടെ മികവുകളും മനസിലാക്കാനാകും. അത് കണ്ടുപഠിച്ചില്ലെങ്കിൽ കൊണ്ടു പഠിക്കേണ്ടിവരും.
സർക്കാരിൽ നിന്ന് എപ്പോഴെങ്കിലും കിട്ടുന്ന ധനസഹായം കൊണ്ടുമാത്രം ഇനി നമ്മുടെ അത്‌ലറ്റിക്സ് രംഗം രക്ഷപെടുമോ? അതേപ്പറ്റി നാളെ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |