തൃശൂർ : ഗുണ്ടകൾ അവരുടെ പണി ചെയ്തു... പൊലീസ് പൊലീസിന്റെ പണി ചെയ്തു... സിറ്റി പൊലീസ് കമ്മിഷണറുടെ കമന്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞദിവസം നെല്ലങ്കരയിൽ ഗുണ്ടാസംഘാംഗത്തിന്റെ ജന്മദിന പാർട്ടിക്കിടെ പരസ്പരം പോരടിക്കുകയും നിയന്ത്രിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞ കമന്റും പ്രതികളുടെ ചിത്രങ്ങളുമാണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തത്.
പിടിയിലായ ഗുണ്ടാസംഘങ്ങളിൽ പലരുടെ കൈയും കാലും പ്ലാസ്റ്ററിട്ടതിന്റെ വീഡിയോ ദൃശ്യം സഹിതമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊലീസ് നടപടിക്ക് അഭിവാദ്യം അർപ്പിച്ച് സ്ത്രീകളടക്കമുള്ളവർ റീൽസ് സഹിതമാണ് പോസ്റ്റ് ചെയ്തത്. പൊലീസ് പൊലീസിന്റെ പണി ചെയ്താൽ ഇത്തരം ഗുണ്ടകളെ അമർച്ച ചെയ്യാൻ സാധിക്കുമെന്ന് തുടങ്ങി നൂറുക്കണക്കിന് കമന്റാണ് ഓരോ പോസ്റ്റിലും നിറയുന്നത്. പൊലീസുകാർക്കിടയിലും കമ്മിഷണറുടെ കമന്റ് ആവേശം പകരുന്നതായി.
പല പൊലീസുകാരും കമ്മിഷണറുടെ കമന്റ് മൊബൈൽ ഫോണിൽ സ്റ്റാറ്റസാക്കി. അതേ സമയം ക്രിമിനലുകൾക്കുള്ള ശക്തമായ താക്കീത് കൂടിയായി ഈ കമന്റ്. ഗുണ്ടാ സംഘങ്ങൾ തമ്മിലടിക്കുന്നത് അറിഞ്ഞെത്തിയ പൊലീസിനെ ആദ്യം ഗുണ്ടാസംഘങ്ങൾ ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ഇരുട്ടിന്റെ മറവിൽ നിന്ന് ആക്രമിച്ച ഗുണ്ടകളെ സാഹസികമായി പിടികൂടുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിലാണ് പ്രതികളിൽ പലർക്കും പരിക്കേറ്റത്. മുഖ്യപ്രതികളിൽ ഒരാളായ ബ്രഹ്മജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |