കൊച്ചി: പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദ്ദേശിച്ചതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദർശനം വൈകുന്നത് സാമ്പത്തികമായി വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടിച്ച പോസ്റ്ററുകളുടെ മുകളിൽ പുതിയ പോസ്റ്ററുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും പുതിയ പോസ്റ്ററുകൾ അച്ചടിക്കുകയെന്നത് ഭീമമായ സാമ്പത്തിക ബാദ്ധ്യതയിലേക്ക് നയിക്കും. റിലീസ് ഇനിയും നീണ്ടുപോകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കേരള കൗമുദി ഓൺലൈനിനോട് പ്രതികരിച്ചു.
ജാനകി എന്ന പേര് മാറ്റണമെന്ന് നിർദ്ദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ഹൈക്കോടതി അറിയിച്ചിരുന്നു. പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. 'ചിത്രത്തിന്റെ റിലീസ് വൈകുന്നത് ഒരുപാട് പേരെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്യേണ്ട ചിത്രമാണ്, ഇന്ന് തിങ്കളാഴ്ചയായി. ബുധനാഴ്ചയാണ് തീരുമാനം ഇനി അറിയൂ. ചിലപ്പോൾ മാസങ്ങളെടുക്കാം. അതിന് വേണ്ടിയല്ലല്ലോ നമ്മൾ സിനിമ ചെയ്തത്. ഇനി പേര് മാറ്റണോ എന്നുള്ള തീരുമാനങ്ങളെടുക്കേണ്ടത് നിർമ്മാതാവാണ്'- സംവിധായകൻ പറഞ്ഞു.
റിലീസ് ഇനിയും നീണ്ടുപോയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് എത്തിക്കുമെന്നും പ്രവീൺ നാരായണൻ വ്യക്തമാക്കി. '20 കോടിയോളം രൂപയാണ് മുടക്കിയത്. അതിന്റെ പലിശ. പ്രോഡ്യൂസറൊക്കെ വല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഒടിടി കച്ചവടങ്ങൾ നടന്നിട്ടുണ്ട്, തീയേറ്ററുകളുമായി കരാറുണ്ട്. ഒരുപാട് ബിസിനസ് നടന്ന സിനിമയാണ്. ഒരാളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരുപാട് റിസ്‌കാണ് റിലീസ് വൈകുന്നതിന് അനുസരിച്ച് ഉണ്ടാകുക.
ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി ഇടപടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല, ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല. അദ്ദേഹത്തിന്റെ വഴിക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ സംസാരിച്ചിട്ടില്ല. അങ്ങനെ നൽകേണ്ടതല്ലല്ലോ സർട്ടിഫിക്കറ്റ്. ബുധനാഴ്ച ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്'- പ്രവീൺ പറഞ്ഞു.
ജാനകി എന്ന പേര് മാറ്റണമെന്ന നിർദ്ദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബുധനാഴ്ച സെൻസർ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകി എന്ന് പേര് നൽകുന്നതിൽ എന്തു സാഹചര്യമാണ് പ്രശ്നമെന്ന് അറിയിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് ആണ് സെൻസർബോർഡിനോട് നിർദ്ദേശിച്ചത്. സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണമെന്നും കലാകാരനോട് സെൻസർ ബോർഡ് നിർദ്ദേശിക്കുകയാണോയെന്നും കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |