പ്രീ ക്വാർട്ടറിൽ ഫ്ളമിംഗോയെ 4-2ന് കീഴടക്കി
മയാമി : ബ്രസീലിയൻ ക്ളബ് ഫ്ളമിംഗോയെ പ്രീ ക്വാർട്ടറിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് കീഴടക്കി ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇംഗ്ളീഷ് സൂപ്പർ താരം ഹാരി കേൻ നേടിയ ഇരട്ട ഗോളുകളാണ് ബയേണിന് കരുത്തായത്.
ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടിൽ ഫ്ളമിംഗോയുടെ എറിക് പൾഗർ സെൽഫ് ഗോളിലൂടെ ബയേണിനെ മുന്നിലെത്തിച്ചിരുന്നു. ഒൻപതാം മിനിട്ടിൽ ഹാരി കേൻ വലകുലുക്കി. 33-ാം മിനിട്ടിൽ ഗെർസണിലൂടെ ഫ്ളമിംഗോ ഒരു ഗോൾ തിരിച്ചടിച്ചു. 41-ാം മിനിട്ടിൽ ലിയോൺ ഗൊയേസ്കയും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ ബയേൺ 3-1ന് മുന്നിലെത്തി. 55-ാം മിനിട്ടിൽ ജോർജീഞ്ഞോ പെനാൽറ്റിയിലൂടെ ബ്രസീലിയൻ ക്ളബിന്റെ രണ്ടാം ഗോളും നേടി. 73-ാം മിനിട്ടിലാണ് തന്റെ രണ്ടാം ഗോളിലൂടെ കേൻ പട്ടിക പൂർത്തിയാക്കിയത്.
ശനിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് എസ്.ജിയാണ് ബയേണിന്റെ എതിരാളികൾ. ലയണൽ മെസി അണിനിരന്ന അമേരിക്കൻ ക്ളബ് ഇന്റർ മയാമിയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ചാണ് മെസിയുടെ മുൻ ക്ളബ് പാരീസ് എസ്.ജി ക്വാർട്ടറിലെത്തിയത്.യോവോ നെവസിന്റെ ഇരട്ട ഗോളുകളും അഷ്റഫ് ഹക്കീമിയുടെ ഗോളും തോമസ് അവിലേസിന്റെ സെൽഫ് ഗോളുമാണ് പാരീസിന് ആഘോഷമൊരുക്കിയത്. മെസിയും സുവാരേസും ഇന്റർ മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |