തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരന്റെ പരിമിതിയില്‍ ഒതുങ്ങാതെ പാവപ്പെട്ടവന് വേണ്ടി ശബ്ദമുയര്‍ത്തിയ ഡോ.ഹാരിസിനൊപ്പം... സോഷ്യല്‍ മീഡിയയില്‍ ജനകീയഡോക്ടര്‍ക്ക് പിന്തുണ അറിയിച്ചുള്ള കൈയ്യടികള്‍ നിറയുകയാണ്.
ഡോക്ടേഴ്‌സ് ദിനമായ ഇന്ന് കേരളത്തിലെ ഹീറോയാണ് കമലേശ്വരം സ്വദേശി ഹാരിസ്. ബൈക്കിലും ബസിലുമായി ആശുപത്രിയിലെത്തുന്ന വകുപ്പ് മേധാവി സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൗതുകമാണ്. കാറില്‍ വന്നാല്‍ തിരക്കേറിയ സ്ഥലത്ത് പാര്‍ക്കിംഗിനുള്ള പരിമിതികള്‍ മനസിലാക്കിയാണ് യാത്ര ഇങ്ങനെയാക്കിയത്. വകുപ്പ് മേധാവിമാര്‍ക്ക് കാര്‍ പാര്‍ക്കിംഗിന് ഷെഡ് അനുവദിക്കാറുണ്ട്. എന്നാല്‍ ഡോ.ഹാരിസ് അതും ആവശ്യപ്പെട്ടില്ല. പരമാവധി രോഗികളെ പരിശോധിച്ച് അവരുടെ കാത്തിരിപ്പ് കുറച്ച് ശസ്ത്രക്രിയകള്‍ നടത്തുക മാത്രമാണ് ലക്ഷ്യം. 28 വര്‍ഷം പിന്നിടുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ ട്രാക്ക് റെക്കോര്‍ഡ് സുതാര്യമായിരുന്നു.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടിസ് അനുവദനീയമായ സമയത്തുപോലും അതു ചെയ്യില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായി. സംഘടനാ യോഗങ്ങളിലെല്ലാം അദ്ദേഹം സ്വകാര്യ പ്രാക്ടിസിനെ എതിര്‍ത്തു. പഠിച്ചതെല്ലാം സര്‍ക്കാര്‍ കോളേജില്‍. പഠിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ വകുപ്പ് മേധാവിയായി. യൂറോളജി രോഗ ചികിത്സയ്ക്കാണ് ആദ്യം ഹാരിസ് ഇവിടെയെത്തിയത്. 1997 മുതല്‍ സര്‍വീസില്‍ പ്രവേശിച്ചു.
ഇതിനിടെ സ്ഥലം മാറ്റം ലഭിച്ചപ്പോഴെല്ലാം സന്തോഷത്തോടെ പോയി. ലോഡ്ജുകളിലും വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും ഒറ്റയ്ക്ക് പാചകം ചെയ്ത് വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ജീവിച്ചു. സ്വന്തം മകന് കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ തന്നെ ഭാഗമായ കണ്ണാശുപത്രിയില്‍ അദ്ദേഹം തന്നെ നേരിട്ടുവന്ന് രോഗികള്‍ക്കൊപ്പം ക്യൂനിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ചരിത്രവുമുണ്ട്.
കൃത്യമായി ചികിത്സയ്ക്ക് എത്താത്ത രോഗികളോടും ജോലിയില്‍ വീഴ്ചവരുത്തുന്ന സഹപ്രവര്‍ത്തകരോടും അദ്ദേഹം പൊട്ടിത്തെറിക്കും. പിന്നീട് ശാന്തനാകുകയും ചെയ്യും. പ്രൈമറി സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെ ചിലവില്‍ പഠിച്ചതിന്, പ്രത്യുപകാരമായി,അവരോടുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനമെന്ന് പറയുന്ന ഡോ.ഹാരിസ് ഡോക്ടേഴ്‌സ് ദിനത്തില്‍ തലസ്ഥാനത്തിന്റെയും അഭിമാനമായി മാറുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |