തിരുവനന്തപുരം: ഗവർണറുടെ സുരക്ഷയ്ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ രാജ്‌ഭവനിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് ഇത് റദ്ദാക്കിയത്. ഗവർണർക്ക് സുരക്ഷയൊരുക്കുന്ന പൊലീസുദ്യോഗസ്ഥരെ രാജ്ഭവന്റെ സമ്മതമോ അംഗീകാരമോ കൂടാതെ മാറ്റരുതെന്ന് ഡിജിപിക്ക് നേരത്തേ ഗവർണർ നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് 6പേരെ മാറ്റിയത്.
കെഎപി രണ്ടാം ബറ്റാലിയനിലെ എസ്ഐ,വിഴിഞ്ഞം സ്റ്റേഷനിലെ സീനിയർ സിപിഒ,, കെഎപി നാലാം ബറ്റാലിയൻ, എസ്എപി ബറ്റാലിയൻ, ബോംബ് സ്ക്വാഡ്, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സിപിഒ എന്നിവരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. ഇതിന് പുറമെ രാജ്ഭവനിലെ ഡ്രൈവർ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഡ്രൈവറേയും പിൻവലിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ രാജ്‌ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കി. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സ്ഥലംമാറ്റം റദ്ദാക്കിയത്. പൊലീസ് മേധാവിക്കു വേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഇവരാണ് ഗവർണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. മറ്റ് സുരക്ഷാപ്രശ്നങ്ങളില്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |