തൃശൂർ: കുതിരാനിൽ ലോറിയിടിച്ച് ബൈക്ക് യാത്രികർ മരിക്കാനിടയായത് തൃശൂർ- പാലക്കാട് ദേശീയപാതയിലെ വെളിച്ചക്കുറവുമൂലം. താഴെവീണ ഹെൽമറ്റെടുക്കാൻ പാലത്തിൽ വണ്ടി നിറുത്തിയ സമയത്ത് ഇവരെ ലോറിയിടിക്കുകയായിരുന്നു. റോഡിൽ വെളിച്ചമില്ലാത്തതിനാൽ ലോറി ഡ്രൈവർക്ക് രണ്ടുപേരെയും കാണാനായില്ലെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ കുതിരാൻ തുരങ്കം കഴിഞ്ഞ് തൃശൂരിലേക്ക് വരുമ്പോൾ ചെറിയ പാലത്തിലായിരുന്നു അപകടം.
കൊച്ചിയിലെ അക്ഷയ സെന്റർ ഉടമ കലൂർ എംപയർ അപാർട്ട്‌മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബാസ് (36), ആലപ്പുഴ നൂറനാട് തച്ചരുടെ കിഴക്കേതിൽ വിജയന്റെയും പുഷ്പയുടെയും മകൾ വിദ്യ (38) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും ഒരു ബൈക്കിൽ പാലക്കാട് റൈഡിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സ്പീഡ് ട്രാക്കിലൂടെ പോകുന്നതിനിടെ ഹെൽമറ്റ് വീണത് എടുക്കുമ്പോൾ പാലക്കാട് ഭാഗത്ത് നിന്നുവന്ന പാൽവണ്ടി ഇടിക്കുകയായിരുന്നു.
ക്രെയിൻ ഉപയോഗിച്ച് പാൽവണ്ടി മാറ്റിയ ശേഷമാണ് ഇരുവരെയും വാഹനത്തിന്റെ അടിയിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിദ്യയ്ക്ക് പത്താം ക്ലാസിൽ പഠിക്കുന്ന മകളുണ്ട്. അവിവാഹിതനാണ് മാസിൻ അബാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |