തിരുവനന്തപുരം: ലഹരി ഉപഭോഗവും ക്രിമിനൽ വാസനയും വർദ്ധിക്കുന്നതിൽ ഓൺലൈൻ ഗെയിമുകൾക്ക് വലിയ സ്വാധീനമുണ്ടെന്ന് ജനമൈത്രി സുരക്ഷാ പ്രോജക്ട് നോഡൽ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുമായ അജിത ബീഗം പറഞ്ഞു. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ, ഗുഡ് ടച്ച് ബാഡ് ടച്ച് എന്നിവയിൽ വിദ്യാർത്ഥികൾക്ക് ശരിയായ ബോധവത്കരണം നൽകണമെന്നും അജിത ബീഗം പറഞ്ഞു.
കേരളകൗമുദി ബോധപൗർണമി ക്ലബ്,ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ, കേരള ജനമൈത്രി പൊലീസ് എന്നിവർ സംയുക്തമായി വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഡോക്ടേഴ്സ് ദിനാചരണവും ലഹരി, സൈബർ ബോധവത്കരണ ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരള ഹെൽത്ത് സർവീസ് റിട്ട.സിവിൽ സർജൻ ഡോ.ബി.പി.പ്രേംകുമാർ,കൊല്ലം ഡിസ്ട്രിക്ട് ഹോമിയോ ഹോസ്പിറ്റൽ തൈറോയ്ഡ് റിസർച്ച് സെന്ററിലെ മുൻ മെഡിക്കൽ ഓഫീസർ ഡോ.പി.കെ.വിഷ്ണുരാജൻ,സിദ്ധ ക്ലിനിക് ചീഫ് ഫിസിഷ്യൻ ഡോ.വി.സ്റ്റാൻലി ജോൺസ്,നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.എ.ആർ.സ്മിത്ത് കുമാർ എന്നിവരെ ആദരിച്ചു.
ഹോളി എയ്ഞ്ചൽസ് കോൺവെന്റ് സ്കൂൾ മാനേജർ സിസ്റ്റർ ഫിൽഡ കൂട്ടാട്ട് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണമി സന്ദേശം നൽകി. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് ജെയിൻ.സി.ജോബ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് അഡ്വ.ആർ.വി.ബിജു,ടി.ബിജു കുമാർ, സുരേഷ് കുമാർ, ഹോളി എയ്ഞ്ചൽസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ്, കേരളകൗമുദി അസിസ്റ്റന്റ് മാനേജർ പി.എം.ഡി എസ്.ഡി.കല എന്നിവർ സംസാരിച്ചു. തുടർന്ന് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ നാടകവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |