ആലപ്പുഴ: വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് കളക്ഷന്‍ ഏജന്റുമാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഗൃഹനാഥന്‍ ജീവനൊടുക്കി. വള്ളികുന്നം കടുവിനാല്‍ മലവിളയില്‍ ശശിയാണ് (60) മരിച്ചത്.
കളക്ഷന്‍ ഏജന്റുമാര്‍ ഭീഷണി തുടരുന്നതിനിടെ വീടിനകത്തു കയറി കതകിന് കുറ്റിയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നു. കതക് തുറക്കാതെ വന്നപ്പോള്‍ മൂന്നംഗ സംഘം അയല്‍വീട്ടിലുണ്ടായിരുന്ന മരുമകളോട് വിവരം പറഞ്ഞശേഷം വാഹനങ്ങളില്‍ സ്ഥലംവിട്ടു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയും അപമാനവുമാണ് ശശിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വള്ളികുന്നം പൊലീസ് അന്വേഷണം തുടങ്ങി.
വീടുപണിയുമായി ബന്ധപ്പെട്ടുണ്ടായ ബാദ്ധ്യത തീര്‍ക്കാനാണ് മരംകയറ്റ തൊഴിലാളിയായ ശശി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് മാസാവസാനമായ തിങ്കളാഴ്ച സ്ഥാപനത്തിലെ രണ്ട് ഏജന്റുമാര്‍ വീട്ടിലെത്തി. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യ വൈകിട്ട് ജോലി കഴിഞ്ഞുവരുമ്പോള്‍ പണം നല്‍കാമെന്ന് അറിയിച്ചെങ്കിലും ഭീഷണി മുഴക്കിയശേഷം ഏജന്റുമാര്‍ മടങ്ങി.
വൈകിട്ട് നാലോടെ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ വീണ്ടും വീട്ടിലെത്തി ശശിയോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വീട്ടുകാര്‍ പറഞ്ഞു. ഇവരുടെ ഭീഷണികാരണം മരുമകളെ അയല്‍പക്കത്തെ ബന്ധുവീട്ടിലേക്ക് ശശി പറഞ്ഞുവിട്ടിരുന്നു. കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണി തുടരുന്നതിനിടെയാണ് ശശി വീടിനുള്ളില്‍ കയറി ജീവനൊടുക്കിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്രി. വിദേശത്തുള്ള മകന്‍ ശരത് നാട്ടിലെത്തിയശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: രാധ. ശരണാണ് മറ്രൊരു മകന്‍. മരുമക്കള്‍: അനഘ, ആര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |