മാർക്ക് സമീകരണ രീതി മാറ്റിയത് ഗുണമായി
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസിലെ ആദ്യ റാങ്കുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ കേരള സിലബസിലെ കൂടുതൽ കുട്ടികൾ ഇടം പിടിച്ചു. കഴിഞ്ഞ വർഷം ആദ്യത്തെ 5000 റാങ്കിൽ 2034 കേരള സിലബസുകാരാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 2539 ആയി ഉയർന്നു. തമിഴ്നാട് മാതൃകയിൽ പുതിയ മാർക്ക് സമീകരണ ഫോർമുല നടപ്പാക്കിയതാണ് കാരണം.
കേരളാ സിലബസിലെ വിദ്യാർത്ഥികളുടെ ഒരു മാർക്ക് പോലും പുതിയ ഫോർമുല പ്രകാരം
കുറവു വരുന്നില്ലെന്ന് എൻട്രൻസ് കമ്മിഷണറേറ്റ് വിശദീകരിച്ചു. മറ്റ് സിലബസുകളിലാണ് ഉയർന്ന മാർക്കെങ്കിൽ കേരള സിലബസിലെ കുട്ടികളുടെ മാർക്ക് കൂടും. ഉയർന്ന മാർക്കുള്ളവർക്ക് കുറയുകയുമില്ല.
പരിഹരിച്ചത് 2021
മുതലുള്ള പ്രശ്‌നം
എൻജിനിയറിംഗ് എൻട്രൻസിന്റെ സ്കോറും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് പട്ടികയുണ്ടാക്കുന്നത്.
ഓരോ ബോർഡും വിഷയങ്ങൾക്കു നൽകുന്ന ശരാശരി മാർക്ക്, ശരാശരിയിൽ നിന്നുള്ള വ്യതിയാനം, ദേശീയതലത്തിൽ വിഷയങ്ങൾക്കു ലഭിക്കുന്ന ശരാശരി, ശരാശരിയിൽ നിന്നുള്ള വ്യതിയാനം എന്നീ ഘടകങ്ങളുള്ള അതിസങ്കീർണമായ ഫോർമുലയാണ് 2011മുതൽ ഉപയോഗിച്ചിരുന്നത്. ഓരോ ബോർഡിന്റെയും ശരാശരി മാർക്ക്, ശരാശരിയിൽ നിന്നുള്ള വ്യതിയാനം എന്നിവ കണക്കാക്കിയിരുന്നത് ഇത്തവണ ഒഴിവാക്കി. പകരം ഓരോ ബോർഡിന്റെയും ഉയർന്ന മാർക്ക് മാത്രം പരിഗണിച്ചായിരുന്നു സമീകരണം
തുടക്ക കാലത്ത് കേരള സിലബസുകാർക്ക് പ്ളസ് ടു ഫിസിക്സ്, കെമിസ്ട്രി,
മാത്തമാറ്റിക്സ് വിഷയങ്ങളിലെ ശരാശരി മാർക്ക് മറ്റു ബോർഡുകളെ അപേക്ഷിച്ച് കുറവായിരുന്നു. 2020മുതൽ മറ്റ് ബോർഡുകളെ അപേക്ഷിച്ച് കേരള സിലബസിൽ സയൻസ് വിഷയങ്ങളിൽ ശരാശരി മാർക്ക് ഉയർന്നു.ഇതോടെ, സമീകരണ പ്രക്രിയയിൽ കേരള സിലബസുകാർ പിറകിലായി.
അന്യ ബോർഡുകളുടെ മാർക്കുമായുള്ള സമീകരണത്തിലൂടെ കഴിഞ്ഞ തവണ കേരള സിലബസിൽ പഠിച്ചവരുടെ 27മാർക്ക് വരെ കുറഞ്ഞു. സി.ബി.എസ്.ഇക്കാർക്ക് എട്ടു മാർക്ക് അധികം ലഭിച്ചു. പരാതി വ്യാപകമായതിനെത്തുടർന്നാണ് മാർക്ക് സമീകരണ രീതി മാറ്റിയത്.
തമിഴ്നാട്
ഫോർമുല :
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഓരോ പരീക്ഷ ബോർഡിലുമുള്ള ഉയർന്ന മാർക്ക് ശേഖരിക്കും.
സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100ഉം സി.ബി.എസ്.ഇയിൽ
95 ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും.
95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്ക് മാറ്റും
ഇതിലൂടെ 70 മാർക്ക് 73.68 ആയി (70÷95x100=73.68) മാറും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ പരിഗണിക്കും.
പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച 300ലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത 300ലുള്ള സ്കോറും ചേർത്ത് 600 ഇൻഡക്സ് മാർക്കിൽ റാങ്ക് പട്ടികയ്ക്കുള്ള സ്കോർ നിശ്ചയിക്കും..
ആദ്യ 5000 റാങ്ക്:
(കഴിഞ്ഞ പരീക്ഷ,ഇത്തവണ)
കേരള സിലബസ്-----------2034--------------2539
സി.ബി.എസ്.ഇ-------------2785--------------2220
ഐ.എസ്.സി----------------162---------------202
മറ്റ് സിലബസ്-----------------19-----------------39
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |