ന്യൂഡൽഹി: സുപ്രീംകോടതിയിലെ നോൺ ജുഡിഷ്യൽ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ദളിത് പശ്ചാത്തലമുള്ള ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് കേന്ദ്ര സംവരണ ചട്ടം മാനദണ്ഡമാക്കിയാണ് നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിനാണ് ഇതോടെ വഴിത്തിരിവാകുന്നത്.
നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിനും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗത്തിന് 7.5 ശതമാനവും ക്വാട്ട നിശ്ചയിച്ചു.
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സംവരണതത്വം ബാധകമാക്കിയിട്ടില്ലെങ്കിലും ഉന്നത പദവിയായ രജിസ്ട്രാർ മുതൽ താഴേതട്ടിലെ ചേംബർ അറ്റൻഡൻസ് വരെയുള്ള തസ്തികകളിൽ എത്താൻ പട്ടിക വിഭാഗങ്ങൾക്ക് അവസരം ഒരുങ്ങും. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളും ഇതിന്റെ പരിധിയിൽ വരും. സംവരണം പൂർണമായി നടപ്പിലാകുമ്പോൾ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തിൽ മിനിമം 600 ജീവനക്കാർ എസ്.സി/എസ്.ടി വിഭാഗകാരായി ഉണ്ടാവും.
സംവരണനയം ജൂൺ 23 മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് വ്യക്തമാക്കി 24ന് എല്ലാ ജീവനക്കാർക്കും ചീഫ് ജസ്റ്റിസ് ഇ- മെയിലിലൂടെ അഭ്യന്തര സർക്കുലർ അയച്ചു. ഇന്നലെയാണ് ഇത് മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നത്. തുടർന്ന് തന്റെ നിലപാട് പൊതുസമൂഹത്തെ അറിയിക്കാൻ അദ്ദേഹം മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചു. നവംബർ 23ന് ജസ്റ്റിസ് ഗവായ് വിരമിക്കുകയാണ്.
സംവരണം നടപ്പാക്കേണ്ടത്
റിക്രൂട്ട്മെന്റ് രജിസ്ട്രാർ
1. ഒഴിവുകളിൽ അപേക്ഷ ക്ഷണിക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും റിക്രൂട്ട്മെന്റ് രജിസ്ട്രാറാണ്. സ്ഥാനക്കയറ്റവും അപ്രകാരമാണ്. അന്തിമ പട്ടികയും നിയമന ഫയലും ചീഫ് ജസ്റ്റിസ് കണ്ട് അംഗീകരിക്കണം.
2. ജീവനക്കാരുടെ മോഡൽ റോസ്റ്ററിൽ ഇനി മൂന്നു കാറ്റഗറി ഉണ്ടാകും - എസ്.സി, എസ്.ടി, അൺറിസർവ്ഡ്. റോസ്റ്ററിൽ അപാകതയുണ്ടെങ്കിൽ അതു തീരുത്താൻ ജീവനക്കാർക്ക് റിക്രൂട്ട്മെന്റ് രജിസ്ട്രാർക്ക് നിവേദനം നൽകാം.
2577:
മൊത്തം
ജീവനക്കാർ
334:
ഗസറ്റഡ്
ഓഫീസർമാർ
1117:
നോൺ ഗസറ്റഡ്
ഓഫീസർമാർ
1126:
നോൺ ക്ളറിക്കൽ
ജീവനക്കാർ
(ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുപ്രകാരം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |