കേരളത്തിൽ വർദ്ധിച്ചുവരുന്ന കുടുംബ ആത്മഹത്യകൾക്കു പിന്നിൽ ബ്ളേഡ് മാഫിയകളുടെ ഭീഷണിയാണെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നതാണ്. ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ളേഡ് മാഫിയയുടെ ഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാമപുരം രാധാഭവനിൽ വിഷ്‌ണു എസ്. നായർ, ഭാര്യ രശ്‌മി എന്നിവരെയാണ് പനയ്ക്കപ്പാലത്ത് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കടം വാങ്ങിയിരുന്ന പണം ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാടുകാർ ഞായറാഴ്ച ഇവർ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. വിഷ്‌ണുവിനെ മർദ്ദിക്കുകയും ഭാര്യ രശ്‌മിയോട് അപമര്യാദയായി സംസാരിക്കുകയും ചെയ്‌തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
കെട്ടിടനിർമ്മാണ കരാറുകാരനായ വിഷ്‌ണുവിന് കൊവിഡിനു ശേഷമാണ് സാമ്പത്തിക ബാദ്ധ്യതയുണ്ടായത്. ചെറുകിട കരാറുകൾ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ളേഡ് മാഫിയാ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദ്ദനവും ഉണ്ടായത്.
പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വള്ളിക്കുന്നത്ത് മലവിളയിൽ ശശി എന്ന അറുപതുകാരനും ജീവനൊടുക്കി. കേരളത്തിൽ ഇതുപോലെ നടക്കുന്ന ആത്മഹത്യകളുടെ കാരണങ്ങളെക്കുറിച്ച് പിന്നീട് കാര്യമായ അന്വേഷണങ്ങളൊന്നും നടക്കാറില്ല. ആരോപണ നിഴലിലാകുന്ന ബ്ളേഡുകാർ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുന്നതാണ് പതിവ്. 'ഓപ്പറേഷൻ കുബേര"യുടെ കാലത്ത് താത‌്കാലികമായി ഉൾവലിഞ്ഞിരുന്ന ബ്ളേഡ് മാഫിയകൾ സംസ്ഥാനത്ത് ഇപ്പോൾ വളരെ സജീവമാണ്.
നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും, പിന്നീടു വന്ന കൊവിഡും ഏറ്റവും കൂടുതൽ മുതലെടുത്തത് ബ്ളേഡ് സംഘങ്ങളാണ്. നഗരങ്ങളിൽ ബിസിനസ് ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നതെങ്കിൽ ഗ്രാമങ്ങളിൽ പാവപ്പെട്ടവരും ചെറുകിട കച്ചവടക്കാരുമാണ് ഇവരുടെ വലയിൽ വീഴുന്നത്. വായ്‌പയ്ക്ക് ഈടായി വീടിന്റെയും വസ്തുവിന്റെയും പ്രമാണങ്ങളാണ് ചില സംഘങ്ങൾ വാങ്ങുന്നത്. നിയമപരമായ രേഖകളുടെ അടിസ്ഥാനത്തിലല്ല ഇതൊന്നും ചെയ്യുന്നത്. പണം തിരിച്ചുകൊടുക്കാനാവാതെ കിടപ്പാടം നഷ്ടപ്പെട്ടവരും കുറവല്ല. ബ്ളേഡ് മാഫിയകളെ സഹായിക്കാനായി കമ്മിഷൻ വ്യവസ്ഥയിൽ ഗുണ്ടാസംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്മാർക്കും പൊലീസുകാർക്കും മറ്റും ലഭിക്കുന്ന അഴിമതിപ്പണവും ഇത്തരം വിനിയോഗങ്ങൾക്കായി ബ്ളേഡ് പലിശക്കാരുടെ കൈയിലെത്തുന്നു. ഒറ്റപ്പെട്ട, പല യുവാക്കളുടെയും ആത്മഹത്യകൾക്കു പിന്നിലെ യഥാർത്ഥ കാരണം ബ്ളേഡുകാരുടെ ഭീഷണിയാണോ എന്നതും അന്വേഷണങ്ങളിൽ പൊലീസ് ഉൾപ്പെടുത്തേണ്ടതാണ്.
ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും നിന്നും മറ്റും വായ്‌പ ലഭിക്കാനുള്ള തടസങ്ങളും ബുദ്ധിമുട്ടുകളുമാണ് സാധാരണക്കാർ ബ്ളേഡ് പലിശക്കാരുടെ പിടിയിൽപ്പെടാൻ പ്രധാനമായും ഇടയാക്കുന്നത്. ചില സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം കിട്ടാതെ വന്നതിനാൽ ആത്മഹത്യ ചെയ്‌തവരും കേരളത്തിൽ ഇല്ലാതില്ല. ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ ശക്തമായ പൊലീസ് നടപടികൾ ഉണ്ടാവേണ്ടതാണ്. അതോടൊപ്പം തന്നെ കടക്കെണിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാൻ ഏതു തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്നതും സർക്കാർ ചിന്തിക്കേണ്ടതാണ്. കൊള്ളപ്പലിശ നിയന്ത്രിക്കാൻ പല നിയമങ്ങളുമുണ്ടെങ്കിലും ബ്ളേഡ് മാഫിയകളുടെ ഉന്നത ബന്ധങ്ങൾ കാരണം അതൊന്നും പ്രയോഗിക്കാൻ അധികൃതർ തുനിയാറില്ല. പ്രധാനമായും ഇതാണ് ഇവർ പത്തിവിടർത്തി വിലസാൻ ഇടയാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |