ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച വിസ്‌മയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺകുമാറിന് വിചാരണക്കോടതി വിധിച്ച 10 വർഷം തടവുശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. കിരണിന് ജാമ്യവും അനുവദിച്ചു. ഹൈക്കോടതിയിലെ അപ്പീലിൽ തീർപ്പ് വരുന്നതു വരെയാണിത്. ഭർതൃവീട്ടിലെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്.
2022 ജൂണിൽ കിരൺ സമർപ്പിച്ച അപ്പീലിൽ മൂന്നു വർഷത്തിലേറെയായിട്ടും തീരുമാനമാകാത്തത് സുപ്രീംകോടതി കണക്കിലെടുത്തു. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് ജസ്റ്റിസുമാരയ എം.എം. സുന്ദരേഷ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. അപ്പീലിൽ തീരുമാനം നീളുന്നതിനാൽ ജാമ്യം നൽകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. 2023 മേയിൽ സമാന ആവശ്യം തള്ളിയിരുന്നു.
2021 ജൂൺ 21നാണ് നിലമേൽ സ്വദേശി വിസ്‌മയയെ കൊല്ലം ശാസ്‌താംകോട്ടയിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായിരുന്നു കിരൺ. 100 പവൻ സ്വർണം, ഒന്നേക്കാൽ ഏക്കർ ഭൂമി, 10 ലക്ഷം വിലയുള്ള കാർ എന്നിവ വിസ്‌മയയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നിട്ടും സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് നിരന്തരം പീഡിപ്പിച്ചു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്ക് കിരണിനെ കൊല്ലത്തെ വിചാരണക്കോടതി 2022 മേയിൽ 10 വർഷം കഠിനതടവിനും 12.55 ലക്ഷം പിഴയ്‌ക്കും ശിക്ഷിച്ചു. സർക്കാർ കിരണനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
വിസ്മയ കേസ് നാൾവഴി
2019 മേയ് 3: കിരൺകുമാറും വിസ്മയയും തമ്മിലുള്ള വിവാഹം
2020 ആഗസ്റ്റ് 29: ചിറ്റുമലയിൽ റോഡിൽ വച്ച് കിരൺകുമാറും വിസ്മയയും തമ്മൽ സ്ത്രീധന തർക്കം
2021 ജനുവരി 3: വിസ്‌മയയുടെ നിലമേലുള്ള വീട്ടിൽ വച്ച് സ്ത്രീധന തർക്കം
2021 ജൂൺ 21 പുലർച്ചെ 2: വിസ്മയ കിരൺകുമാറിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു
2021 ജൂൺ 21ന് രാത്രി 8.30: കിരൺകുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങി
2021 സെപ്‌തംബർ 10: കുറ്റപത്രം സമർപ്പിച്ചു
2022 ജനുവരി 10: കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു
2022 മേയ് 18: കേസിൽ വാദം പൂർത്തിയായി
2022 മേയ് 23: കിരൺകുമാർ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി
2022 മേയ് 24: കിരൺകുമാറിന് 10 വർഷം കഠിന തടവും 12.55 ലക്ഷം പിഴയും ശിക്ഷ വിധിച്ചു
തെളിവില്ലാതെ
ശിക്ഷിച്ചെന്ന് കിരൺ
തനിക്കെതിരെ തെളിവില്ല. തെറ്റായി ശിക്ഷിച്ചു. മാദ്ധ്യമവിചാരണയുടെ ഇര
2022 ജൂൺ 28ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തീരുമാനമായില്ല
ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 2022 മേയ് 24 മുതൽ ജയിലിൽ കഴിയുന്നു
നല്ലനടപ്പു കണക്കിലെടുത്ത് 2024 ഡിസംബറിൽ ഒരു മാസ പരോൾ ലഭിച്ചിരുന്നു
ജാമ്യത്തിന് രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല ഉത്തരവുണ്ടായില്ല
വിസ്മയ കേസ് - പിതാവിന്റെ പ്രതികരണം
വല്ലാത്തൊരു വിധിയാണുണ്ടായത്. കേരള മനസാക്ഷിയെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. നിരപരാധിയായ ഒരു പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. മകൾക്ക് നീതി ലഭിക്കാൻ ശക്തമായ നിയമപോരാട്ടം തുടരും.
ത്രിവിക്രമൻ നായർ, വിസ്മയയുടെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |