ഈ വർഷം ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് ജപ്പാൻ, ചൈന, തായ്‌വാൻ ഉൾപ്പെടുന്ന മേഖലയിൽ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റിയോ തത്സുകി പ്രവചിച്ചിരുന്നു. ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന ഇവരുടെ പ്രവചനം ലോകമെമ്പാടും ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജ്യോതിഷ വിദഗ്ധൻ ഹരി പത്തനാപുരം.
'ഞാൻ പ്രവചനങ്ങളെ പൂർണമായും എതിർക്കുന്നയാളാണ്. ഇവർ ഒരു ആസ്‌ട്രോളജർ ഒന്നുമല്ല, എഴുത്തുകാരിയാണ്. ഒബ്സർവേഷനിലൂടെയാണ് പ്രവചനം നടത്താനാകുകയെന്നാണ് ഞാൻ മനസിലാക്കുന്നത്. റഷീദ് എന്നൊരു ചെറുപ്പക്കാരൻ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏത് പാർട്ടി വിജയിക്കുമെന്നും എന്ത് ഭൂരിപക്ഷം ലഭിക്കുമെന്നുമൊക്കെ പറയാറുണ്ട്. അതൊരു ആസ്‌ട്രോളജിക്കൽ പ്രഡിക്ഷൻ അല്ല, ഒബ്സർവേഷനിലൂടെയുള്ള പ്രഡിക്ഷനാണ്. അങ്ങനെയൊരു പ്രവചനമാണ് ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റിയോ തത്സുകി നടത്തിയിരിക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്.
വാർത്താ ചാനലുകളിൽ നിന്ന് മനസിലാക്കിയത് അവർ കൊവിഡ് പ്രവചിച്ചിരുന്നുവെന്നാണ്. കൊവിഡ് എന്ന പേര് പിന്നീട് വന്നതാണെങ്കിലും പകർച്ചവ്യാധി ഇന്ന വർഷം ഉണ്ടാകുമെന്നൊക്കെ പ്രവചിച്ചെങ്കിൽ തീർച്ചയായും അതൊരു വലിയ പ്രവചനം തന്നെയാണ്. അവരെക്കുറിച്ച് പഠിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ സോഷ്യൽ മീഡിയയിലും വിക്കിപീഡിയയിലും പരിമിതമായ കാര്യങ്ങളാണ് ലഭിച്ചത്. ജാപ്പനീസ് ഭാഷയിലാണ് അവർ പുസ്തകം രചിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല.
ഞാൻ മനസിലാക്കുന്നൊരു കാര്യം, ലോകത്തുണ്ടാകുന്ന ഭൂകമ്പങ്ങളിൽ പതിനെട്ട് ശതമാനവും ജപ്പാനിലാണെന്നാണ് എന്റെ ഒരറിവ്. സത്യമാണോയെന്നറിയില്ല. ട്രെയിനപകടമുണ്ടാകുമെന്നും വിമാനാപകടമുണ്ടാകുമെന്നുമൊക്കെ എല്ലാവർക്കും പറയാം. എന്നാൽ പ്രത്യേക സ്ഥലത്ത് ഇത്തരമൊരു സംഭവം ഇന്ന ഡേറ്റിൽ ഉണ്ടാകുമെന്ന് ഒരാൾക്ക് മുമ്പേ പറയാൻ കഴിഞ്ഞാൽ അതൊരു അത്ഭുതകരമെന്നാണ് ഞാൻ മനസിലാക്കുന്നത്. അവരെക്കുറിച്ചുള്ള എന്റെ അറിവ് കുറവാണ്.
എന്നെ സംബന്ധിച്ച് ആശങ്കയല്ല, ആകാംക്ഷയാണ്. ജൂലായ് അഞ്ചിന് എന്തെങ്കിലും സംഭവിക്കുമോയെന്ന്. എന്തായാലും നമുക്ക് ജൂലായ് അഞ്ച് വരെ കാത്തിരിക്കാം.'- ഹരി പത്തനാപുരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |