ദുബായ്: ഇന്ത്യയിലെ കുപ്രസിദ്ധ കോൾ സെന്ററുകൾ യുഎഇ നിവാസികളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഒരു ഗൾഫ് മാദ്ധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം, മൂന്ന് തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ രണ്ടെണ്ണം നോയിഡയിലും ഒരെണ്ണം ജയ്‌പൂരിലുമാണ്. ദുബായ് ആസ്ഥാനമായുള്ള ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനമെന്ന പേരിലാണ് ഇവർ നിക്ഷേപകരെ കബളിപ്പിക്കുന്നത്. സംശയം തോന്നാത്ത നമ്പറുകളിൽ നിന്നാണ് ഇവരുടെ കോളുകൾ നിങ്ങൾക്ക് ലഭിക്കുക.
സംസാരവും ആർക്കും സംശയം തോന്നാത്ത വിധത്തിലാകും. തട്ടിപ്പ് സ്ഥാപനത്തിലെ രണ്ട് മുൻ ജീവനക്കാരാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിരവധിപേർ തട്ടിപ്പിനിരയായെന്ന് മനസിലായതോടെയാണ് അവർ സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ചതെന്ന് പറയുന്നു. ഇരകളുടെ പട്ടികയിൽ ഇനിയും നൂറുകണക്കിന് നമ്പറുകൾ ഉണ്ടെന്നും അവർ പറയുന്നു.
ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് കോളുകൾ വരുന്നത്. എന്നാൽ, യുഎഇയിൽ നിന്ന് വിളിക്കുന്നു എന്നായിരിക്കും കോൾ സെന്ററിലുള്ളവർ പറയുക. ഫോണിലേക്കെത്തുന്നതും യുഎഇ നമ്പറായിരിക്കും. ഓരോ കേന്ദ്രത്തിലും 50 മുതൽ100 ഏജന്റുമാർ വരെയുണ്ട്. രാവിലെ എട്ട് മുതൽ രാത്രി 12 മണിവരെയാണ് ഇവരുടെ ഡ്യൂട്ടി. എത്ര കോളുകൾ ചെയ്യുന്നു എന്നതനുസരിച്ചാണ് ഇവർക്ക് പേയ്‌മെന്റ് ലഭിക്കുക.
+971 എന്ന നമ്പർ തുടക്കത്തിൽ കാണുമ്പോൾ ഉടൻ തന്നെ ആളുകൾ കോളെടുക്കുന്നു. സംശയം തോന്നാത്തവിധം സംസാരിക്കാൻ ഏജന്റുമാർക്ക് പരിശീലനവും നൽകുന്നു. യുഎഇയിലെ സ്ഥലങ്ങളും മറ്റ് കാര്യങ്ങളും ഉൾപ്പെടെ ഇവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |