എഡ്ജ്ബാസ്റ്റണ്‍: നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി (269) മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 587 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ (87), രവീന്ദ്ര ജഡേജ (89) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. വാഷിംഗ്ടണ്‍ സുന്ദര്‍ (42), കരുണ്‍ നായര്‍ (31), വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് (25) റണ്‍സ് വീതം നേടി.
387 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ നായകന്‍ 30 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറത്തി. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോള്‍ ഗില്‍ 265 റണ്‍സ് നേടിയിരുന്നു. എന്നാല്‍ പിന്നീട് വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു. ജോഷ് ടംഗിന്റെ പന്തില്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കിയാണ് ഗില്‍ എട്ടാമനായി പുറത്തായത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ശേഷമാണ് ഗില്‍ പുറത്തായത്.
കെ.എല്‍ രാഹുല്‍ (2) നിധീഷ് കുമാര്‍ റെഡ്ഡി (1) ആകാശ് ദീപ് (8), മുഹമ്മദ് സിറാജ് (8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. പ്രസീദ്ധ് കൃഷ്ണ അഞ്ച് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ജോഷ് ടംഗ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ബ്രൈഡന്‍ കാഴ്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |