പണംതട്ടിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു
കാട്ടാക്കട: പോക്സോ കേസിലെ പ്രതി ഉൾപ്പെടെയുള്ള സംഘം അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് മണ്ണാംകോണം പുത്തൻവീട്ടിൽ ജെ.മുകേഷാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കേസിന്റെ കാര്യം സംസാരിക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് കാട്ടാക്കടയിലെ സ്വകാര്യ ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഭീഷണിപ്പെടുത്തി അഭിഭാഷകന്റെ കൈയിൽ നിന്നും ഗൂഗിൾപേ വഴി 7,300 രൂപ ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചു. വിവസ്ത്രനാക്കി മർദ്ദിച്ച ശേഷം മുകേഷിനെ മലയിൻകീഴ് മലയം ഭാഗത്ത് വഴിയിലാണ് ഉപേക്ഷിച്ചത്.
മലയിൻകീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ പ്രതിയാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്.
മുകേഷ് മുമ്പ് ജോലിചെയ്‌തിരുന്ന ഓഫീസിലെ സീനിയർ അഭിഭാഷകനാണ് ഈ കേസിൽ അതിജീവിതയ്‌ക്കുവേണ്ടി ഹാജരായിരുന്നത്. അഞ്ചുലക്ഷം രൂപ നൽകിയാൽ കേസ് ഒത്തുതീർപ്പാക്കാമെന്ന് സീനിയർ അഭിഭാഷകൻ പറഞ്ഞതായി പ്രതിയെ അറിയിച്ചിരുന്നു.
എന്നാൽ മുകേഷ് ഇടപെട്ട് തുക കുറയ്‌ക്കണമെന്ന പ്രതികളുടെ ആവശ്യം എതിർത്തതാണ് ആക്രമണത്തിന് കാരണമെന്ന് കാട്ടാക്കട പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ആറുപേർക്കെതിരെ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും കാട്ടാക്കട പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |